
പാലക്കാട്: ഗ്രീൻ ഫീൽഡ് പാതയ്ക്ക് ഭൂമി വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാര തുക വിതരണം മൂന്ന് മാസത്തിനകം നൽകും. ദേശീയപാത അതോറിറ്റി അനുമതി നൽകി വിതരണത്തിനെത്തിച്ച തുകയുടെ ആദ്യഘട്ട വിതരണം പൂർത്തിയായി.
ശേഷിക്കുന്ന തുക വിതരണം ഈ മാസമാദ്യം മുതൽ നടക്കുമെന്ന് ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലയിൽ മാത്രം 2000 പേരുടെ ഭൂമിയും സ്ഥാവര ജംഗമ വസ്തുക്കളുമാണ് ഗ്രീൻഫീൽഡ് പാത നിർമ്മാണത്തിന് കൈമാറുന്നത്.
മുണ്ടൂർ പഞ്ചായത്തിലെ വനഭൂമി ഒഴിവാക്കിയുള്ള പുതിയ അലൈൻമെന്റ് പ്രകാരം പുതുതായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉടമകളുടെ ഹിയറിംഗും തുടർ പ്രവർത്തനങ്ങളും പൂർത്തിയാക്കി. വില നിർണയം നിജപ്പെടുത്തി രേഖകൾ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതോടെ അവർക്കും നഷ്ടപരിഹാരം അടുത്ത മാസത്തിനകം കൈമാറും. ജില്ലയിലെ ആറ് വില്ലേജുകളിലെ ഭൂവുടമകളുടെ നഷ്ടപരിഹാര തുക വിതരണവും പുരോഗമിക്കുകയാണ്.
705 കോടി കൈമാറി
പൂർണമായും വീട് നഷ്ടപ്പെടുന്നവർക്ക് കേന്ദ്രം നിഷ്കർഷിക്കുന്ന നിശ്ചിത രേഖകൾ കൈമാറിയ ശേഷം ഉദ്യോഗസ്ഥർ നിജപ്പെടുത്തിയ നഷ്ടപരിഹാര തുക ബാങ്ക് അക്കൗണ്ട് വഴി കൈമാറും. ഇതിനകം 705 കോടി കൈമാറി. പുതിയ സാമ്പത്തിക വർഷത്തിന് മുമ്പ് പാത നിർമ്മിക്കാനുള്ള ദർഘാസ് നടപടി പൂർത്തിയാക്കും.