nelliyambathi
നെല്ലിയാമ്പതി പുലയമ്പാറ ഫാമിന് മുൻവശം ഇരുവശത്തും വാഹനങ്ങൾ നിറുത്തിയിട്ട നിലയിൽ.

നെല്ലിയാമ്പതി: അവധി ദിവസങ്ങളിൽ നെല്ലിയാമ്പതി ഫാമിന് മുന്നിലെ ഗതാഗതക്കുരുക്ക് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിന് മുൻവശം മുതൽ പുലയമ്പാറ വരെ പാതയുടെ രണ്ടുഭാഗത്തും വിനോദ സഞ്ചാരികൾ വാഹനങ്ങൾ നിറുത്തിയിടുന്നതാണ് രൂക്ഷമായ ഗതാഗത കുരുക്കിന് കാരണമാകുന്നത്.

ഇതിനുപുറമേ സഞ്ചാരികളെ കാത്ത് സഫാരി സർവീസ് നടത്തുന്ന 45ഓളം ജീപ്പുകളും റോഡിൽ പാർക്ക് ചെയ്യുന്നു. ഇത് വ്യാപാരികളെയും പ്രദേശവാസികളെയും വിനോദ സഞ്ചാരികളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
അവധി ദിവങ്ങളിലെ വാഹന തിരക്കുള്ള സമയങ്ങളിൽ സ്വകാര്യ വാഹനങ്ങൾ പഞ്ചായത്ത് മൈതാനത്തിലും മറ്റും നിറുത്താനും സീതാർകുണ്ട് വ്യൂപോയന്റ് കണ്ടുവരുന്നവരുടെ വാഹനങ്ങൾ പുലയമ്പാറയിൽ നിന്ന് വൺ വേയായി വില്ലേജ് ഓഫീസിന് മുന്നിലൂടെ വിടാനും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പുലയമ്പാറ തൊടാതെ കെ.എസ്.ആർ.ടി.സി

ഗതാഗത കുരുക്കുമൂലം കെ.എസ്.ആർ.ടി.സിയുടെ നെല്ലിയാമ്പതി സർവീസുകൾ പുലയമ്പാറ ജംഗ്ഷനിൽ വരാതെ വില്ലേജ് ഓഫീസ് വരെ വന്ന് തിരിഞ്ഞ് പോകുന്നത് പ്രദേശവാസികളായ ബസ് യാത്രക്കാരെ വലയ്ക്കുന്നു. ബസിൽ വന്നുപോകുന്ന വിനോദ സഞ്ചാരികൾക്ക് ബസ് പുലയമ്പാറ ജംഗ്ഷനിൽ എത്താത്തത് മൂലം പലരും വഴിയിൽ കുടുങ്ങുന്നതും പതിവായിട്ടുണ്ട്.