selfiespot
ആനക്കര വില്ലേജ് ഓഫീസിന് മുന്നിലെ സ്‌നേഹാരാമം സെൽഫി സ്പോട്ട്.

പട്ടാമ്പി: വില്ലേജ് ഓഫീസിന് മുൻവശത്തെ മാലിന്യം നീക്കി സെൽഫി സ്പോട്ടാക്കി ആനക്കര എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റ്. സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് പഞ്ചായത്തിന്റെ സഹകരണത്തോടെ ഇവിടെ സ്‌നേഹാരാമം പദ്ധതി നടപ്പാക്കിയത്.

വില്ലേജ് ഓഫീസിന് മുന്നിൽ വർഷങ്ങൾക്ക് മുമ്പ് പിടിച്ചിട്ട മണൽ ലോറി കിടന്നിരുന്നു. ഇതിന്റെ മറവിലിരുന്ന് സാമൂഹ്യവിരുദ്ധർ മദ്യപാനം നടത്തുന്നതും കുപ്പികളും പ്ലാസ്റ്റിക്കും പ്രദേശത്ത് ഉപേക്ഷിക്കുന്നതും പതിവായിരുന്നു. ലോറി അല്പം ദൂരേക്ക് മാറ്റിയിട്ട ശേഷം വില്ലേജ് ഓഫീസ് മതിലിനോട് ചേർന്നാണ് കുട്ടികൾ സ്‌നേഹാരാമം ഒരുക്കിയത്. മതിലിൽ എം.ടിയുടെ നിളയും കടവും കുട്ടികൾ വരച്ചിട്ടു. ഒപ്പം മാലിന്യ വിരുദ്ധ സന്ദേശങ്ങളും എഴുതി.

ഓഫീസിന് മുന്നിലെ മരത്തിന് തറ കെട്ടി പുല്ലുവിരിച്ച് ഇരിക്കാൻ അനുയോജ്യമാക്കി. തൊട്ടടുത്ത ആലിനേയും ചായം തേച്ച്, ചിത്രമെഴുതി ആകർഷകമാക്കി. കുമ്പിടി ജയലക്ഷ്മി ആശുപത്രിയുടെ സഹകരണത്തോടെയാണ് പണി പൂർത്തിയാക്കിയത്. സ്‌നേഹാരാമം പഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വാർഡംഗം കെ.പി.മുഹമ്മദ് അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് കെ.സുരേന്ദ്രൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളായ പി.സി.രാജു, പി.കെ.ബാലചന്ദ്രൻ, സി.പി.സവിത, ബ്ലോക്കംഗങ്ങളായ പി.സ്‌നേഹ, എം.ടി.ഗീത, പഞ്ചായത്തംഗങ്ങളായ ഷിബു, ബീന, ജ്യോതിലക്ഷ്മി, ദീപ, വനജ മോഹൻ തുടങ്ങിയവർ സംസാരിച്ചു.