ഷൊർണൂർ: റെയിൽവേ ജംഗ്ഷന്റെ വികസന പ്രവൃത്തികൾ ദ്രുതഗതിയിൽ മുന്നേറുന്നു. ജംഗ്ഷന്റെ മുൻഭാഗത്ത് കെട്ടിട നിർമ്മാണം, പുതിയ പാർക്കിംഗ് ഏരിയകൾ, ഒന്നാംനമ്പർ പ്ലാറ്റ്‌ഫോം വിപുലീകരണം, യാത്രക്കാർക്കുള്ള ഇരിപ്പിട സജ്ജീകരണം, ടോയ്‌ലറ്റുകൾ, ടിക്കറ്റ് കൗണ്ടറിന് പടിഞ്ഞാറ് പുതിയ ഫുട്ഓവർ ബ്രിഡ്ജ്, പ്ലാറ്റ്‌ഫോമുകളുടെ റൂഫ് നവീകരണം തുടങ്ങി നിരവധി വികസന പ്രവൃത്തികളാണ് ഇവിടെ നടന്നു വരുന്നത്.
ഒന്നാം നമ്പർ പ്ലാറ്റ് ഫോമിനോട് ചേർന്ന് മലിനജലം കെട്ടിക്കിടന്നിരുന്ന ഒരേക്കറോളം വരുന്ന കുറ്റിക്കാട് നിറഞ്ഞ സ്ഥലം നികത്തി റെയിൽവേയുടെ മുൻവശം വിപുലീകരിച്ചു. നിരവധി വർഷങ്ങളായി ഈ മാലിന്യ കേന്ദ്രം ഇല്ലാതാക്കാൻ അധികൃതർക്ക് മുന്നിൽ പരാതികളും നിവേദനങ്ങളും എത്തിയതാണ്. മാലിന്യപ്രശ്നത്തെ പറ്റി 'കേരളകൗമുദി" പല തവണ വാർത്ത നൽകിയിരുന്നു.
കാട്ടുപന്നികളും മലമ്പാമ്പുകളും നിറഞ്ഞ കാട് പൊതുജനങ്ങൾക്ക് ഭീഷണിയായിരുന്നു. ഇന്നത് മികച്ച ഗ്രൗണ്ട് മാതൃകയിലാക്കി. സ്റ്റേഷന് മുന്നിലെ റോഡിന്റെ സ്ഥാനം തന്നെ മാറ്റി വികസനത്തിന് സ്ഥലം കണ്ടെത്തിയിരിക്കുയാണ് റെയിൽവേ. കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപെടുത്തിയാണ് ഷൊർണൂരിന് മികച്ച വികസന പദ്ധതി ലഭിച്ചത്.
മാലിന്യ കേന്ദ്രം ഇല്ലാതായി
ഏറ്റവും ചെലവേറിയതും റെയിൽവേ ആദ്യം തുടങ്ങിയതും മലിന ജലം കെട്ടിക്കിടന്നിരുന്ന കുറ്റിക്കാടുകൾ നിറഞ്ഞ സ്ഥലം നികത്തലാണ്. ഷൊർണൂരിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നൊഴുകിയെത്തുന്ന മലിന ജലം ഇവിടെ കെട്ടിക്കിടക്കുന്നത് റെയിൽവേയുടെ തുടക്കം മുതൽ ഉണ്ടായിരുന്നതാണ്. ഒരു തരത്തിലും ഉപകാരപ്പെടാതെ കിടന്നിരുന്ന പ്രദേശം നികത്തി വെള്ളമൊഴുകാൻ വലിയ ഡ്രൈനേജ് കെട്ടി മനോഹരമാക്കിയത് പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറാനിടയാക്കി.
അടുത്ത മാസം പൂർത്തിയാക്കും
ചോർന്നൊലിക്കുന്ന പ്ലാറ്റ്‌ഫോം മേൽക്കൂരകളും മതിയായ ടോയ്‌ലറ്റുകളുടെയും ഇരിപ്പിടങ്ങളുടെയും അഭാവവും വർഷങ്ങളായി ഷൊർണൂർ ജംഗ്ഷൻ അഭിമുഖീകരിച്ചിരുന്ന പ്രശ്നങ്ങളാണ്. മാത്രമല്ല പ്ലാറ്റ്‌ഫോമിൽ മേൽക്കൂരയുടെ അഭാവം മൂലം മഴയത്തും വെയിലത്തും യാത്രക്കാർ ദുരിതമനുഭവിക്കുകയാണ്. വികസന പ്രക്രിയയുടെ ഭാഗമായി പ്ലാറ്റ്‌ഫോമുകളിൽ മുഴുവൻ മേൽക്കൂര വരുന്നതോടെ യാത്രക്കാരുടെ ദുരിതങ്ങൾ ഇല്ലാതാവും. അടുത്ത മാസത്തോടെ തന്നെ തീർക്കാനുദ്ദേശിച്ചുള്ള വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.