പട്ടാമ്പി: നാളെ മുതൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്ക് സമ്മാനിക്കുന്ന സ്വർണക്കപ്പിന് പട്ടാമ്പി ജി.എച്ച്.എസ്.എസിൽ സ്വീകരണം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് സ്വർണ കപ്പ് ഘോഷയാത്ര നടത്തിയത്.
കഴിഞ്ഞ വർഷത്തെ വിജയികളായ കോഴിക്കോട് നിന്ന് ഇന്നലെ രാവിലെയാണ് ഘോഷയാത്ര പുറപ്പെട്ടത്. ജില്ലയിലേക്ക് കടന്ന ഘോഷയാത്രയെ നരിപ്പറമ്പ് ജി.യു.പി.എസിൽ വച്ച് സ്വീകരിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.വി.മനോജ് കുമാർ സ്വർണക്കപ്പ് ഏറ്റുവാങ്ങി. തുടർന്ന് പട്ടാമ്പിയിലെത്തിയ ഘോഷയാത്രയ്ക്ക് ആവേശോജ്ജ്വലമായ സ്വീകരണം നൽകി. ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ സ്വർണക്കപ്പ് ഘോഷയാത്രയെ സ്‌കൂളിലേക്ക് വരവേറ്റു. എസ്.പി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങൾ തുടങ്ങിയവർ അകമ്പടിയേകി.
സ്കൂൾ അങ്കണത്തിൽ നടന്ന സ്വീകരണ ചടങ്ങ് മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നഗരസഭാദ്ധ്യക്ഷ ഒ.ലക്ഷ്മിക്കുട്ടി അദ്ധ്യക്ഷയായി. തുടർന്ന് ജാഥ തൃശൂർ ജില്ലയിലേക്ക് പ്രയാണമാരംഭിച്ചു.