
നെന്മാറ: അയിലൂരിലെ പൂഞ്ചേരി, ചള്ള പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നു. കഴിഞ്ഞ രണ്ടുദിവസവും തുടർച്ചയായി കാട്ടാനക്കൂട്ടം പ്രദേശത്തെ കൃഷിയിടങ്ങളിൽ രാത്രിയോടെ എത്തി കൃഷി നശിപ്പിക്കുകയാണ്. കല്യാണക്കണ്ടം കെ.ബാലചന്ദ്രൻ, പുഞ്ചേരിക്കളം കെ.ചെന്താമരാക്ഷൻ, ജിജോ ഓണായിക്കര എന്നിവരുടെ കൃഷിയിടങ്ങളിലെ 25 ഓളം തെങ്ങുകൾ, 50ലേറെ വാഴകൾ, കമുകുകൾ, കുരുമുളക് എന്നിവയാണ് നശിപ്പിച്ചത്.
തിരുവഴിയാട് സെക്ഷൻ വനം ജീവനക്കാരെ വിവരമറിയിച്ചതിന് തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് രണ്ട് വനം വാച്ചർമാർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് മടങ്ങിയതല്ലാതെ ആനകളെ കാട്ടിലേക്ക് തുരത്താൻ മറ്റു ശ്രമങ്ങളൊന്നും നടത്തിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
തൊട്ടടുത്ത് മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്ന പൂഞ്ചേരി കോളനിയിൽ കാട്ടാനക്കൂട്ടം എത്തുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. എം.പി ഫണ്ടിൽ നിന്ന് മാസങ്ങൾക്ക് മുമ്പ് (ആർ.ആർ.ടി സേവനത്തിനായി പ്രത്യേക വാഹനം ഡിവിഷന് കൈമാറിയിട്ടും കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ആരംഭിച്ചിട്ടില്ല.
പടക്കം പൊട്ടിച്ച് കാവലിരുന്ന് കർഷകർ
തുടർച്ചയായ ദിവസങ്ങളിൽ കാട്ടാനകളിറങ്ങി കൃഷിനാശം വരുത്തുന്നത് പ്രതിരോധിക്കാനായി കർഷകർ തന്നെ പടക്കം പൊട്ടിച്ച് കാവലിരിക്കുകയാണ്. രാത്രി പത്തോടെ കർഷകർ മടങ്ങുന്നതോടെ കാട്ടാനകൾ കൃഷി സ്ഥലങ്ങളിലേക്ക് ഇറങ്ങുന്നുണ്ട്. രാവിലെ സമീപത്തെ ടാപ്പിംഗിനുപോയ തൊഴിലാളികൾ മൂന്നാനകൾ കാട് കയറുന്നത് കണ്ടതായി പറഞ്ഞു.
പ്രത്യക്ഷ സമരത്തിനിറങ്ങും
കാട്ടാനകളെ തുരത്തുന്നതിന് വനംവകുപ്പ് ശാശ്വത നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് പ്രദേശവാസികൾ പറഞ്ഞു. സമീപ പ്രദേശങ്ങളായ കൽച്ചാടി, ഒലിപ്പാറ, നേർച്ചപ്പാറ പ്രദേശങ്ങളിലും കഴിഞ്ഞയാഴ്ച കാട്ടാനകൾ കൃഷിനാശം വരുത്തിയിരുന്നു.
വനമേഖലയോട് ചേർന്നുള്ള വൈദ്യുതവേലി ചവിട്ടി തകർത്താണ് കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിലേക്ക് കടന്നത്. തകർന്ന വൈദ്യുത വേലി പുനഃസ്ഥാപിക്കണം. പകൽ പോലും വനമേഖലയിൽ നിന്ന് ആനകളുടെ ചിന്നംവിളി കേൾക്കാറുണ്ട്.
-മാണിക്യൻ, പ്രദേശവാസി.