
ചിറ്റൂർ: ലൈസൻസികളും തൊഴിലാളി സംഘടനകളും തമ്മിലുള്ള തൊഴിൽ തർക്കം മൂലം റേഞ്ചിലെ എട്ട് കള്ളുഷാപ്പുകൾ പൂട്ടി. മൂപ്പൻകുളം, കരിപ്പാലി, തച്ചങ്കോണം, പോക്കാന്തോട്, വേലന്താവളം അപ്പു പിള്ളയൂർ, എരട്ടകുളം, ചെട്ടികുളം എന്നീ ഷാപ്പുകളാണ് ഇന്നലെ മുതൽ പൂട്ടിയിട്ടത്. യാതൊരു മുന്നറിയിപ്പുമില്ലാതെ ലൈസൻസികൾ തന്നെ ഷാപ്പുകൾ പൂട്ടിയിടുകയായിരുന്നെന്ന് തൊഴിലാളികൾ പറയുന്നു.
ഏതാനും മാസങ്ങളായി നിലനിന്നിരുന്ന തൊഴിൽ തർക്കം പലവട്ടം യൂണിയൻ പ്രതിനിധികളും ലൈസൻസികളും തമ്മിൽ സംസാരിച്ചെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞില്ല. 60 വയസ് കഴിഞ്ഞ വില്പന തൊഴിലാളികൾ ഷാപ്പുകളിൽ ജോലിയിൽ തുടരുന്നതിനെതിരെ ലൈസൻസികൾ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവിന്റെ മറവിൽ ചിറ്റൂർ റേഞ്ചിൽ കാലാകാലങ്ങളായി തുടർന്നുവന്ന മാനദണ്ഡം അപ്പാടെ മാറ്റണമെന്ന സമീപനമാണ് ലൈസൻസികൾ സ്വീകരിച്ചിട്ടുള്ളത്. ഈ നിലപാടിനെ തൊഴിലാളി സംഘടനകൾ കുറ്റപ്പെടുത്തുന്നു.
പിരിഞ്ഞുപോകുന്നവർക്ക് പകരം ആളെ നിയമിക്കാൻ പാടില്ല എന്ന നിലപാടാണ് ലൈസൻസികൾ സ്വീകരിക്കുന്നത്. ഇതും യൂണിയനുകൾ അംഗീകരിക്കുന്നില്ല. റേഞ്ചിലെ സേവന വേതന വ്യവസ്ഥകളെ സംബന്ധിച്ച് ജില്ല ലേബർ ഓഫീസർക്ക് പരാതികളും നൽകിയിട്ടുണ്ട്. ഇതിന്റെ തീരുമാനം ഉണ്ടാകുന്നതിനു മുമ്പ് തന്നെ ലൈസൻസികൾ സ്വമേധ്യയാ ഷാപ്പുകൾ പൂട്ടിയിടുകയായിരുന്നെന്ന് യൂണിയനുകൾ ആരോപിച്ചു.
70ഓളം തൊഴിലാളികൾ പ്രതിസന്ധിയിലായി
ഷാപ്പുകൾ അടച്ചുപൂട്ടിയത് മൂലം 70 ഓളം ചെത്ത് മദ്യവ്യവസായ തൊഴിലാളികൾ പ്രതിസന്ധിയിലായി. അബ്കാരി നിയമപ്രകാരം ലൈസൻസികൾ ഷാപ്പുകൾ അടച്ചുപൂട്ടുന്നുവെങ്കിൽ ലൈസൻസ് അതാതു എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ മുമ്പാകെ സറണ്ടർ ചെയ്യണമെന്നാണ് വ്യവസ്ഥ. ഇവിടെ അതും പാലിച്ചില്ലെന്ന് തൊഴിലാളികൾ പറയുന്നു. വകുപ്പിന്റെ അനുമതിയില്ലാതെ ഷാപ്പുകൾ അടച്ചുപൂട്ടുന്നത് തെറ്റാണ്. ഈ നീക്കം വിവാദമായിട്ടുണ്ട്. തൊഴിലാളികളില്ലാതെ പ്രവർത്തിക്കുന്ന ഷാപ്പുകൾ റേഞ്ചിൽ വർദ്ധിച്ചു വരുന്നു. കള്ള് ഉല്പാദന മേഖലയിൽ പോലും തൊഴിൽ നിഷേധിക്കുന്നതായ പരാതിയും വ്യാപകമാണെന്ന് വിവിധ യൂണിയനുകൾ ആരോപിക്കുന്നു.