പാലക്കാട്: ജില്ലയിൽ ഇതുവരെ 58 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയതായി ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര ആർദ്രം മിഷൻ അവലോകന യോഗത്തിൽ അറിയിച്ചു. ആർദ്രം മിഷന്റെ ആദ്യഘട്ടത്തിൽ ജില്ലയിൽ 16 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ടാംഘട്ടത്തിൽ 42 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത്. മൂന്നാംഘട്ടത്തിൽ 18 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തും. ഇതിൽ ഒൻപതെണ്ണത്തിന്റെ പ്രവൃത്തികൾ ആരംഭിച്ചു. 10 കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് ഭരണാനുമതിയും ലഭിച്ചു. അഞ്ചെണ്ണത്തിന്റെ ഡി.പി.ആർ നടന്നുവരികയാണ്. നടപ്പുസാമ്പത്തിക വർഷ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തി അനങ്ങനടി, മേലാർകോട്, കോട്ടപ്പുറം കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണവും നടക്കും. ഇതിൽ മേലാർകോട്, കോട്ടപ്പുറം എന്നിവിടങ്ങളിൽ നിർമ്മാണം ആരംഭിച്ചു.
ജില്ലയിൽ ആദ്യഘട്ടത്തിൽ 60 ആരോഗ്യ ഉപകേന്ദ്രങ്ങളെയാണ് കൂടുതൽ ചികിത്സാ സൗകര്യങ്ങളൊരുക്കി ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളാക്കി ശാക്തീകരിക്കുന്നത്. ഇതിൽ 49 എണ്ണത്തിന്റെ പ്രവൃത്തികൾ പൂർത്തിയായി. രണ്ടാംഘട്ടത്തിൽ 73 ഉപകേന്ദ്രങ്ങളെ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററായി ഉയർത്തും.
എൻ.എച്ച്.എം ജില്ലാ നിർമ്മിതി കേന്ദ്രം വഴി ഓരോ സെന്ററിലും ഏഴുലക്ഷം രൂപയിലാണ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളുടെ നിർമ്മാണം നടക്കുന്നത്. ജില്ലയിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടുള്ള നിർമാണം പൂർത്തിയാക്കുന്നതിന് എൻ.എച്ച്.എം, നിർമ്മാണ ഏജൻസികൾ, സൂപ്പർവൈസർമാർ, ഉദ്യോഗസ്ഥർ എന്നിവർ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഹബ് ആൻഡ് സ്പോക് മാതൃകയിലുള്ള ലാബ് സിസ്റ്റം ജില്ലയിൽ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.
ആദ്യഘട്ടത്തിൽ അട്ടപ്പാടിയിലും കൊല്ലങ്കോടും ആരംഭിക്കുന്നതിനാണ് ആലോചന. ജില്ലയിൽ എല്ലാ ബ്ലോക്കുകളിലും ക്യാൻസർ നിർണയ ക്യാമ്പുകൾ നടത്തണം. നിലവിൽ മലമ്പുഴയിൽ ക്യാമ്പ് പൂർത്തിയായി. ശൈലി ആപ്പിന്റെ പ്രവർത്തനം മുന്നോട്ടുപോകണമെന്നും 30 വയസിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങൾ സംബന്ധിച്ച് ആശാ പ്രവർത്തകർ മുഖേന വീടുകൾ സന്ദർശിച്ച് സർവേ പൂർത്തിയാക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. അട്ടപ്പാടിയിൽ സിക്കിൾ സെൽ അനീമിയ രോഗനിർണയം പൂർത്തിയാക്കണം. ഓരോ മണ്ഡലത്തിലെയും ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളുടെ പ്രവൃത്തി ഒന്നിച്ച് ക്വട്ടേഷൻ നൽകണമെന്ന നിർമ്മാണ ഏജൻസികളുടെ നിർദേശം സംബന്ധിച്ച് ആലോചിക്കാമെന്നും കളക്ടർ പറഞ്ഞു.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ഡി.എം.ഒ ഡോ.കെ.ആർ.വിദ്യ, നവകേരളം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.സെയ്തലവി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ.കെ.ടി.പ്രേമകുമാർ, ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ.അനൂപ്, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ടി.വി.റോഷ് തുടങ്ങിയവർ പങ്കെടുത്തു.