
പട്ടാമ്പി: തൂതപ്പുഴയുടെ വിളയൂർ തോണിക്കടവിലെ ജലഅതോറിറ്റി ജലസംഭരണിയുടെ സമീപത്തു നിന്ന് ആരും മീൻ പിടിക്കരുതെന്നു വിളയൂർ ഗ്രാമ പഞ്ചായത്ത്. ജലസംഭരണികളുടെ ഭാഗത്ത് നിന്നു മീൻ പിടിക്കുമ്പോൾ വലയും ഇരകളും സംഭരണിയിൽ അടിഞ്ഞു കൂടി ജലവിതരണത്തിനു തടസം നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പലതവണ ജലവിതരണം തടസപ്പെട്ടിരുന്നു.
ഇന്നലെയും തൂതപ്പുഴയിലെ ജലജീവൻ മിഷന്റെ പദ്ധതിയിൽ നിന്ന് പമ്പിംഗിനു തടസം നേരിട്ടു. രണ്ടു പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം മുടങ്ങി. തുടർച്ചയായി പമ്പിംഗ് തടസപ്പെടുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പുഴയുടെ കിണറുകളിൽ നിന്നു വെള്ളമെടുക്കുന്ന പമ്പിൽ വലയും മീൻ പിടിക്കാൻ ഉപയോഗിക്കുന്ന മറ്റു വസ്തുക്കളും അടിഞ്ഞു കൂടിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് വാട്ടർ അതോറിറ്റിയുടെ ജീവനക്കാരും തൊഴിലാളികളും ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് പമ്പിൽ അടിഞ്ഞു കൂടിയ വലകളും മറ്റും നീക്കിയത്.
പമ്പിംഗിന് തടസം
തൂതപ്പുഴയിൽ തോണിക്കടവിലെ ജലജീവൻ മിഷൻ പദ്ധതിക്കു സമീപത്തെ സംഭരണിയുടെ അടുത്തു വച്ച് മീൻ പിടിക്കുന്നതിനാൽ വെള്ളം വലിച്ചെടുക്കുന്ന ഹോസിൽ മാലിന്യങ്ങൾ കുടുങ്ങിയാണ് പമ്പിംഗിനു തടസം നേരിടുന്നത്.
മലിനമാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും
തൂതപ്പുഴയിൽ ചൂണ്ടയിട്ടു മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർ വാട്ടർ അതോറിറ്റിയുടെ കിണറുകൾക്കടുത്ത് ചൂണ്ടയിടുയോ മീൻ പിടിക്കുയോ ചെയ്യരുതെന്നും പുഴവെള്ളവും ജലസംഭരണികളും മലിനമാക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും
എം.കെ.ബേബി ഗിരിജ,വിളയൂർ പഞ്ചായത്ത് അദ്ധ്യക്ഷ.