കോങ്ങാട്: പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ ചിലമ്പത്തുപടി റോഡിനോട് അധികൃതരുടെ അവഗണന വർഷങ്ങളായി തുടരുന്നു. കുണ്ടും കുഴിയും നിറഞ്ഞ ഇതുവഴിയുള്ള യാത്ര സുഗമമാക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
2022-23 വർഷം അറ്റകുറ്റപ്പണിക്കായി രണ്ടേകാൽ ലക്ഷം അനുവദിച്ചുവെങ്കിലും സാങ്കേതിക കാരണം പറഞ്ഞ് പദ്ധതി നടപ്പായില്ല. തുടർന്ന് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി സമർപ്പിച്ചിരുന്നു. 2023-24 വർഷം റീടാറിംഗ്, കോൺക്രീറ്റ് പ്രവർത്തികൾക്കായി രണ്ടുലക്ഷം നീക്കിവെച്ചിട്ടുണ്ടെങ്കിലും കരാർ നടപടി പോലും പൂർത്തിയില്ല.
സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നുമാസം മാത്രം ബാക്കിയിരിക്കെ പദ്ധതി പൂർത്തീകരിക്കാനാകുമോ എന്ന കാര്യത്തിൽ ആശങ്ക നിഴലിക്കുകയാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.