b
കൊടുമ്പിൽ പുഴയ്ക്ക് കുറുകെ പാലം നിർമ്മാണം ആരംഭിച്ചപ്പോൾ.

പാലക്കാട്: കൊടുമ്പ് പാളയം പാലത്തിന്റെ നിർമ്മാണ ജോലിക്ക് 18 ശതമാനം ജി.എസ്.ടി കൂടി ഉൾപ്പെടുത്തി പുതുക്കിയ ഭരണാനുമതിയായി. 4.39 കോടിയുടെ പദ്ധതിയാണ് 5.26 കോടിയായി ഉയർത്തിയത്.

2021 ജനുവരി 14ന് ആദ്യം കരാറെടുത്തയാൾ 2022 ഏപ്രിൽ 23ന് പണി ഉപേക്ഷിക്കുന്നതായി അധികൃതർക്ക് കത്തുനൽകിയിരുന്നു. ശേഷം കരാറേറ്റവർ പാലത്തിന്റെ കാലുകളുടെ പണി തുടങ്ങിയെങ്കിലും അതും പാതിവഴിയിൽ മുടങ്ങി. പ്രാഥമിക ജോലിക്കനുവദിച്ച 1.6 കോടിയുമായി ബന്ധപ്പെട്ട പണികളിലെ നഷ്ടം നികത്തുന്നതിന് ആദ്യകരാറുകാരന് ബാദ്ധ്യതയുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് പറഞ്ഞു. 2019 ജനുവരിയിലാണ് സർക്കാർ ആദ്യഘട്ടനിർമ്മാണത്തിനുള്ള തുക അനുവദിച്ചത്.

4.2 മീറ്റർ വീതിയും ഏഴുമീറ്റർ ഉയരവുമുള്ള പാലമാണ് ഉയരുന്നത്. ദർഘാസിൽ നിശ്ചയിച്ച തുകയേക്കാൾ കമ്പിക്കും മറ്റ് നിർമ്മാണ സാമഗ്രികൾക്കും വില കൂടിയിട്ടുണ്ടെങ്കിലും പണി പൂർത്തിയാക്കുന്നതിന് നിലവിൽ അനുവദിച്ച തുക മതിയാവുമെന്നാണ് അധികൃതർ പറയുന്നത്.

യാത്ര ചങ്ങാടത്തിൽ

പാളയം, ഓലശേരി, താകുറുശി, കുന്നുകാട് പ്രദേശവാസികൾക്ക് കൊടുമ്പിലെത്താൻ നിലവിൽ ചങ്ങാട യാത്രയാണ് ആശ്രയം. ഇതില്ലെങ്കിൽ കിലോമീറ്ററുകളോളം റോഡുവഴി സഞ്ചരിച്ചാലേ കൊടുമ്പിലെത്താനാകൂ. സ്കൂൾ സമയങ്ങളിലടക്കം ബസുകളുടെ കുറവും പ്രയാസം സൃഷ്ടിക്കുന്നു. പുതുക്കിയ ഭരണാനുമതി ലഭിച്ചതോടെ പ്രതീക്ഷയിലാണ് പാളയം നിവാസികൾ.

മേയിൽ പണി തീരും

പാലം നിർമ്മിക്കുന്ന ഭാഗത്ത് പുഴയിൽ വെള്ളം വറ്റാത്ത സാഹചര്യമുണ്ട്. വെള്ളമുള്ള സ്ഥലത്ത് കാലുകൾ നിർമ്മിക്കുന്നതിന് മുമ്പ് നിശ്ചയിച്ച രൂപരേഖ പ്രകാരം പൂർത്തിയാക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കരാറുകാരൻ പണി നിറുത്തിവെച്ചത്. ഈ സാഹചര്യത്തിൽ പാലം നിർമ്മാണത്തിനായി മറ്റൊരു രൂപരേഖ തയ്യാറാക്കി പൊതുമരാമത്ത് വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ഇതിന് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് മേയ് മാസത്തോടെ പണി പൂർത്തിയാക്കും. കാലുകൾ നിർമ്മിക്കുന്ന ഭാഗത്ത് പുഴയിൽ മണ്ണിട്ട് ഉയർത്തിയ ശേഷമാവും ബാക്കി പണി ആരംഭിക്കുക.