paady

ചിറ്റിലഞ്ചേരി: മഴയും കനാൽ വെള്ളവും പ്രതീക്ഷിച്ച് രണ്ടാംവിള നെൽകൃഷിയിറക്കിയ കർഷകർക്ക് കണ്ണീർ. നടീലും വിതയും നടത്തിയ മിക്ക പാടശേഖരങ്ങളിലും വെള്ളമില്ലാതായതോടെ വിണ്ടുകീറി തുടങ്ങി. അയിലൂർ, മേലാർകോട് കൃഷിഭവനുകളുടെ കീഴിലുള്ള വിവിധ പാടശേഖരങ്ങളിലാണ് വെള്ളമില്ലാതെ നെൽച്ചെടികൾ ഉണക്കിലേക്ക് നീങ്ങുന്നത്.
ഇടയ്ക്ക് ലഭിച്ച മഴയിലും പോത്തുണ്ടി അണക്കെട്ടിൽ നിന്ന് ലഭിച്ച വെള്ളവും ഉപയോഗിച്ചാണ് മിക്ക കർഷകരും രണ്ടാംവിള കൃഷിയിറക്കിയത്. മൂപ്പുകുറഞ്ഞ വിത്തിനങ്ങളും ഒന്നാംവിള കൊയ്ത്ത് പൂർത്തിയാകുന്നതിന് മുമ്പേ ഞാറ്റടിയും തയ്യാറാക്കിയാണ് കർഷകർ രണ്ടാംവിള കൃഷിക്കായി ഒരുങ്ങിയത്. ചില കർഷകർ കുളത്തിൽ നിന്നും കുഴൽ കിണറുകളിൽ നിന്നും വെള്ളമടിച്ചാണ് ജലസേചനം നടത്തുന്നത്. അയിലൂർ കൃഷിഭവന് കീഴിലെ തിരുവഴിയാട് പാടശേഖരത്തിലും മേലാർകോട് കൃഷിഭവന് കീഴിലെ കടമ്പിടി, വട്ടോമ്പാടം, കോന്നല്ലൂർ, മേലാർകോട് പാടശേഖരങ്ങളിലും താഴ്ന്ന പാടങ്ങളിൽ വെള്ളമില്ലാതായതോടെ ഉണങ്ങി തുടങ്ങി.

പോത്തുണ്ടി അണക്കെട്ടിൽ നിന്ന് ഇടുത- വലതുകര കനാലുകളിലൂടെ വെള്ളം തുറന്നിട്ടുണ്ടെങ്കിലും ഇനിയും ഈ മേഖലയിൽ എത്തുന്നതിനായി ദിവസങ്ങളെടുക്കുമെന്ന് കർഷകർ പറയുന്നു. ഒന്നാംവിള നെല്ല് നൽകിയതിന്റെ വില കിട്ടാതെയാണ് മിക്ക കർഷകരും കടം വാങ്ങിയും വായ്പയെടുത്തും രണ്ടാംവിള കൃഷി ഇറക്കിയത്. ഇപ്പോൾ വെള്ളവും കൂടിയില്ലാതെ കൃഷി നശിക്കുന്നതോടെ നഷ്ടം കൂടുകയാണെന്ന് കർഷകർ പറഞ്ഞു.