kattil-palakkadcorporatio

പാലക്കാട്: നിർദ്ധനരായവർക്കുള്ള കട്ടിലിൽ വിതരണത്തിൽ നഗരസഭ അഴിമതി കാണിച്ചെന്നാരോപിച്ച് കോൺഗ്രസ് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. നഗരസഭയിൽ 52 വാർഡുകളിലായി ഒരു വാർഡിന് 12 കട്ടിൽ വീതമാണ് നഗരസഭ ക്വട്ടേഷൻ നൽകിയത്. 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നഗരസഭയുടെ കട്ടിൽ വിതരണം. അപേക്ഷകരിൽ പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. നഗരസഭ ഈ കട്ടിൽ നിർമ്മിച്ചത് ഒരു കട്ടിലിന് നാലായിരം രൂപ ചെലവഴിച്ചാണ്. പക്ഷേ രണ്ടായിരം രൂപപോലും വിലമതിക്കാത്ത കട്ടിലാണ് നിർമ്മിച്ചിരിക്കുന്നത്.

ഗുണമേന്മയില്ലാത്ത കട്ടിൽ വിതരണം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമാണെന്നും ഇത് തുടരുന്നപക്ഷം കോടതിയെ സമീപിക്കാനും ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കാനും തയ്യാറാവുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി.സതീഷ് മുന്നറിയിപ്പു നൽകി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ പുത്തൂർ രമേഷ്, എസ്.സേവിയർ, അനിൽബാലൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പ്രശോഭ് വത്സൻ, അബു പാലക്കാടൻ, കൗൺസിലർമാരായ പി.എസ്.വിപിൻ, എഫ്.ബി.ബഷീർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ഭാരവാഹികളായ ദീപക് സേതുമാധവൻ, ലക്ഷ്മണൻ തുടങ്ങിയവർ നേതൃത്വം നൽകി.