dam
മംഗലംഡാം

മംഗലംഡാം: റിസർവോയറിലെ മണ്ണും മണലും നീക്കംചെയ്യൽ പാതിവഴിയിൽ നിലച്ചത് മംഗലംഡാം സമഗ്ര കുടിവെള്ള പദ്ധതിയെയും അവതാളത്തിലാക്കി. വീടുകളിലേക്ക് പൈപ്പിടൽ മാത്രമാണ് നടക്കുന്നത്. മറ്റു പ്രവൃത്തികളെല്ലാം നിലച്ചു.

പദ്ധതി പ്രവർത്തനx ഈ വർഷമെങ്കിലും പുനരാരംഭിക്കുമോ എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ഡാമിലെ മണ്ണ് നീക്കം ചെയ്യൽ തടസപ്പെട്ടത് കോടികളുടെ കുടിവെള്ള പദ്ധതിയെ ഇല്ലാതാകുമോ എന്ന ആശങ്കയുമുണ്ട്.

ഡാമിലെ ജലസംഭരണം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ആദ്യ പൈലറ്റ് പദ്ധതിയായി ഡാമിൽ മണ്ണെടുപ്പ് തുടങ്ങിയത്. കൂടുതൽ ജലസംഭരണത്തിലൂടെ മാത്രമേ കുടിവെള്ള പദ്ധതിക്ക് വെള്ളമുണ്ടാകൂ. അതല്ലെങ്കിൽ രണ്ടാംവിള നെൽകൃഷിക്കുള്ള ജലവിതരണത്തോടെ ഡാം വറ്റുന്ന സ്ഥിതിയാണ്.

പ്രതിദിനം 240 ലക്ഷം ലിറ്റർ വെള്ളം ഡാമിൽ നിന്ന് പമ്പ് ചെയ്യണം. മഴ സീസൺ മുതൽ ഡിസംബർ വരെ ഇത് സാദ്ധ്യമാകും. തുടർന്ന് രണ്ടാംവിള നെൽകൃഷിക്ക് വെള്ളം വിടുന്നതിനൊപ്പം കുടിവെള്ളത്തിനും ഇത്രയും വെള്ളം കണ്ടത്തേണ്ടതുണ്ട്. മഴക്കാലത്ത് ഷട്ടർ തുറന്ന് പുഴയിലേക്ക് ഒഴുക്കി വെള്ളം പാഴാക്കുന്നത് തടയാനായാൽ ഈ പദ്ധതികളെല്ലാം വിജയകരമാകും. ഡാമിന്റെ സംഭരണ ശേഷി കൂട്ടാതെ ഇത് നടക്കില്ല.

നിർമ്മാണം അന്തിമ ഘട്ടത്തിൽ

2018 ജൂലായിൽ നിർമ്മാണോദ്ഘാടനം കഴിഞ്ഞ കുടിവെള്ള പദ്ധതിയുടെ പൈപ്പിടലും പ്രധാന ടാങ്ക് നിർമ്മാണവും അന്തിമ ഘട്ടത്തിലാണ്. നക്ഷത്ര ബംഗ്ലാകുന്നിൽ സംഭരണികളുടെയും ജല ശുദ്ധീകരണ ശാലകളുടെയും പണി പൂർത്തിയായി.

ചെലവ്

മംഗലം ഡാം ഉൾപ്പെടുന്ന വണ്ടാഴി പഞ്ചായത്ത്,​ സമീപ പഞ്ചായത്തുകളായ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര എന്നീ നാലു പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ളതാണ് പദ്ധതി. 95 കോടിയാണ് പദ്ധതിക്ക് കണക്കാക്കിയിട്ടുള്ളതെങ്കിലും പണി പൂർത്തിയാകുമ്പോൾ 140 കോടി വേണ്ടിവരും.