
വടക്കഞ്ചേരി: മണ്ണുത്തി ദേശീയപാതയിൽ വീണ്ടും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാലക്കാട് ഭാഗത്തേക്കുള്ള വലത് തുരങ്കത്തിൽ ഒറ്റവരി ആയാണ് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്. വലത് തുരങ്കത്തിലൂടെ ഇരുവശങ്ങളിലേക്കും വാഹനങ്ങൾ കടത്തി വിടുന്നതിന് മുന്നോടിയായാണ് ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്.
ദേശീയപാതയിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ കുതിരാൻ വീണ്ടും കുരുക്കിലേക്ക് മുറുകും.
തൃശൂർ ഭാഗത്തേക്ക് പോകുന്ന ഇടത് തുരങ്കം അടക്കുന്നതിന് മുന്നോടിയായാണ് വലത് തുരങ്കത്തിലെ ഗതാഗത നിയന്ത്രണം. മഴ പെയ്യുമ്പോൾ ചോർച്ച ഉണ്ടാകുന്ന ഇടത് തുരങ്കത്തിൽ ഗാൻട്രി കോൺക്രീറ്റ് ചെയ്യുന്നതിനായാണ് ഇടത് തുരങ്കം അടക്കുന്നത്. തുരങ്കത്തിനുള്ളിൽ മുകൾ ഭാഗത്ത് സിമന്റ് മിശ്രിതം ഉപയോഗിച്ചാണ് ഗാൻട്രി കോൺക്രീറ്റിംഗ് ചെയ്യുക. ഇതിന് മാസങ്ങൾ എടുക്കാനാണ് സാധ്യത.
വടക്കഞ്ചേരി മണ്ണുത്തി ആറ് വരിപാത നിർമ്മാണം പൂർത്തീകരിച്ചെന്നവകാശപ്പെട്ട് പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും പൊളിച്ച് പണി തുടരുന്നത് കരാർ കമ്പനിയുടെയും, ദേശീയപാത അതോറിറ്റിയുടെയും അനാസ്ഥയായാണ് കണക്കാക്കുന്നത്.
രൂക്ഷമായ ഗതാഗത കുരുക്കിലേക്ക്
പണി പൂർത്തിയാകുന്നത് വരെ വലത് തുരങ്കത്തിലൂടെ ഇരുവശങ്ങളിലേക്കും ഗതാഗതം ക്രമീകരിക്കുമ്പോൾ രൂക്ഷമായ ഗതാഗത കുരുക്കായിരിക്കും ഉണ്ടാവുക. തുരങ്കത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന റോഡിലും, പുറത്ത് കടക്കുന്നിടത്തും രൂക്ഷമായ ഗതാഗതകുരുക്കിനും, അപകടത്തിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം തുരങ്കത്തിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും, അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.