
പതിറ്റാണ്ടുകളായി കേരള സമൂഹം ആഴത്തിൽ ചർച്ചചെയ്യുകയും നാളിതുവരെ പരിഹാരം കണ്ടെത്താൻ കഴിയാത്തതുമായൊരു വിഷയമാണ് 'മനുഷ്യ - വന്യജീവി സംഘർഷം'. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വന്യജീവികൾ മനുഷ്യജീവിതത്തിലും തിരിച്ചും അപകടകരമാംവിധം ഇടപെടുന്നുവെന്നത് യാഥാർത്ഥ്യമാണ്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ മനുഷ്യ ജീവിതത്തിന് ഭീഷണികളുയർത്താൻ തുടങ്ങിയിട്ട് കാലം ഏറെയായി. ഈ സംഘർഷത്തിന് പ്രധാന കാരണക്കാരൻ മനുഷ്യനാണ്. ഈ തിരിച്ചറിവ് ഉണ്ടായിട്ടും മാറ്റങ്ങൾക്ക് തയാറാകാൻ പൊതുസമൂഹം തയ്യാറല്ല. അതുകൊണ്ടുതന്നെ പ്രകൃതിയുമായുള്ള മനുഷ്യന്റെ ഇടപെടൽ നാൾക്കുനാൾ സങ്കീർണവും സംഘർഷപൂരിതവുമായി തുടരുന്നു. വനാന്തരങ്ങളിൽ സ്വൈര വിഹാരം നടത്തിയിരുന്ന പുള്ളിപ്പുലികൾ ഇന്ന് ജനവാസ കേന്ദ്രങ്ങളിൽ വിലസുകയാണ്. കാട്ടാനകളുടെ ശല്യം വനമേഖലയിൽ താമസിക്കുന്നവരുടെ ഉറക്കം കെടുത്തുന്നു. വയനാട്ടിൽ പുലിയുടെ ആക്രമണത്തിൽ ഒരാൾ മരിക്കുകയും ഒരുനാട് മുഴുവൻ ആശങ്കയുടെ മുൾമുനയിൽ നിൽക്കുകയും ചെയ്തത് കേരളം കണ്ടതാണ്. വനം വകുപ്പ് ഏറെ സന്നാഹങ്ങളോടെയാണ് പുലിയെ കൂട്ടിലാക്കിയത്. വയനാടിന് പിന്നാലെ പാലക്കാട്, കണ്ണൂർ, മലപ്പുറം ജില്ലയുടെ ചില പ്രദേശങ്ങളിലും പുലിയുടെ ഭീഷണി നിലനിൽക്കുന്നുണ്ട്. ഒപ്പം കാട്ടാനകളുടെ ആക്രമണവും പതിവാണ്.
മനുഷ്യ - വന്യജീവി സംഘർഷത്തിന് ഹേതുവായി പലവിധകാരണങ്ങളാണ് പറയുന്നത്. വന്യജീവികളുടെ എണ്ണത്തിലുണ്ടായ വർദ്ധന, സ്വഭാവത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള പ്രയാണം തുടങ്ങിയവ ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നു. കാടും - നാടും തമ്മിൽ വേർതിരിക്കുക, ശല്യക്കാരാകുന്ന വന്യജീവികളെ പിടിച്ചുമാറ്റുകയോ കൊന്നൊടുക്കുകയോ ചെയ്യുക, അവയുടെ പ്രജനനം നിയന്ത്രിക്കുക തുടങ്ങിയ പരിഹാരമാർഗങ്ങൾ ഈ വാദക്കാർ മുന്നോട്ടും വെക്കുന്നു. എന്നാൽ, മനുഷ്യനും വന്യജീവികളും തമ്മിലുള്ള ഇടപെടലുകൾ എല്ലാകാലത്തും നിലനിന്നിരുന്നു. വന്യജീവികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായിട്ടില്ലെന്നും മനുഷ്യവന്യജീവി സംഘർഷത്തിന്റെ മൂലകാരണം നാംതന്നെയാണെന്നും വാദിക്കുന്ന മറുവിഭാഗവുമുണ്ട്. അശാസ്ത്രീയവും അനിയന്ത്രിതവുമായ വികസനപ്രവർത്തനങ്ങളും കൈയേറ്റവുംമൂലം ആവാസവ്യവസ്ഥകളുടെ വിസ്തീർണവും ആരോഗ്യവും നഷ്ടപ്പെട്ടതിനാലാണ് മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം കൂടുതലായി അനുഭവപ്പെടാൻ തുടങ്ങിയതെന്ന് ഇവർ വാദിക്കുന്നു.
കൈയ്യേറ്റം വരുത്തിയ വിന
മലബാറിലെ വനമേഖലകളിൽ കാർഷികാവശ്യങ്ങൾക്കായി മനുഷ്യർ കുടിയേറിയിട്ട് അര നൂറ്റാണ്ടിലേറെയായി. ഒരു കാലത്ത് കാട്ടാനകളുടെയും മറ്റു വന്യജീവികളുടെയും ആവാസ കേന്ദ്രമായിരുന്ന ഇവിടങ്ങളിൽ നിന്ന് അവയെ ഭയപ്പെടുത്തി ആട്ടിയോടിച്ചാണ് അവർ കൃഷിയിറക്കിത്തുടങ്ങിയത്. പിന്നീട് ആ വെട്ടിപ്പിടിക്കൽ കൂടുതൽ വനാന്തരങ്ങളിലേക്ക് നീങ്ങി. വന്യമൃഗങ്ങൾ സഞ്ചരിച്ചിരുന്ന പരമ്പരാഗത വഴികളിൽ പലതും കൊട്ടിയടക്കപ്പെട്ടു. മുമ്പ് വിശാലമായിരുന്ന വനത്തിന്റെ അതിരുകൾ ചുരങ്ങുകയും മൃഗങ്ങൾക്ക് അവരുടെ സൗകര്യപ്രദമായ ഇടങ്ങൾ വിട്ടൊഴിയേണ്ടി വരികയും ചെയ്തു. പഴയ ഇടങ്ങളും വഴികളും നഷ്ടപ്പെട്ട മൃഗങ്ങൾ ഇന്ന് പുതിയ ഇടങ്ങൾ തേടി പോകുമ്പോഴാണ് ജനവാസ മേഖലയിലേക്ക് എത്തുന്നതെന്നാണ് വിലയിരുത്തുന്നത്. മുമ്പ് കാടിനുള്ളിലുണ്ടായിരുന്നതും എന്നാൽ ഇപ്പോൾ മനുഷ്യർ കൈയടക്കിയതുമായ ചോലകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് മൃഗങ്ങൾ ഇന്ന് എത്തുന്നത് ജനവാസ കേന്ദ്രങ്ങളിലൂടെയാണ്. പണ്ട് അത് വനമായിരുന്നെങ്കിൽ ഇന്നത് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളാണ്. വനാതിർത്തികളിലെ കൃഷി ശാസ്ത്രീയമല്ലെന്നറിഞ്ഞിട്ടും വാഴയടക്കമുള്ള കാർഷിക വിളകൾ ഈ മേഖലയിൽ കൃഷി ചെയ്യുന്നുണ്ട്. അവിടെയെത്തുന്ന മൃഗങ്ങളെ പടക്കം പൊട്ടിച്ചും ഷോക്കടിപ്പിച്ചും തിരിച്ചോടിക്കുന്ന രീതി ഏറെക്കാലമായി തുടർന്നു വരുന്നുമുണ്ട്.
കാടിനുള്ളിൽ നിന്ന് വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്താനുള്ള സാദ്ധ്യതകളെ കുറിച്ചൊന്നും വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ നമ്മൾ ആലോചിക്കാറില്ല. മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിൽ കടന്നുകയറി അവയുടെ സ്വൈര ജീവിതം നശിപ്പിക്കുന്ന മനുഷ്യർ, അവയെ നാട്ടിലെത്തുമ്പോൾ അവയുടെ ജീവിക്കാനുള്ള അവകാശം പോലും ചോദ്യം ചെയ്യുകയാണ് പതിവ്.
ഒരോ ജീവജാലങ്ങൾക്കും അവയുടെ തനതായ ജീവിത സാഹചര്യങ്ങളുണ്ട്. മത്സ്യങ്ങൾക്ക് കടലും പുഴയുമെന്നതു പോലെ മൃഗങ്ങൾക്ക് കാട് ഒഴിച്ചുകൂടാനാകാത്തതാണ്. ഈ സാഹചര്യങ്ങളെ നശിപ്പിക്കുന്ന മനുഷ്യൻ പ്രകൃതിയിൽ നിലനിൽക്കുന്ന സന്തുലിതാവസ്ഥയാണ് ഇല്ലാതാക്കുന്നത്. വികസനത്തിന്റെ പേരിലും ലാഭക്കൊതിയുടെ പേരിലും വനംകൈയേറി നടപ്പാക്കുന്ന പദ്ധതികൾ ഈ സന്തുലിതാവസ്ഥയുടെ കടയ്ക്കലാണ് കത്തിവക്കുന്നത്.
വനാതിർത്തികളിലെ നിർമ്മാണ പ്രവർത്തനവും ജനവാസവുമെല്ലാം വന്യമൃഗങ്ങളുടെ സ്വൈര ജീവിതത്തിന് ഭീഷണിയാണെന്ന തിരിച്ചറിവുണ്ടാവേണ്ടതുണ്ട്. മനുഷ്യൻ വനത്തിനുള്ളിൽ നടത്തിയ കൈയ്യേറ്റം മറന്നുകൊണ്ടാണ് മൃഗങ്ങൾ ജനവാസ മേഖലയിലേക്കെത്തുന്നുവെന്ന് നാം വിലപിക്കുന്നത്. പരമ്പരാഗതമായ മേച്ചിൽപുറങ്ങൾ നഷ്ടപ്പെടുമ്പോൾ മൃഗങ്ങൾ മറ്റിടങ്ങളിലേക്ക് എത്തുന്നത് സ്വാഭാവികമാണ്. ഈ ഭീഷണി മുന്നിൽ കണ്ടുകൊണ്ടുവേണം വരുംനാളുകളുടെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ. എന്നാൽ മാത്രമേ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിന് അറുതിയാകൂ.
പരിഹാരമെന്ത്?
പരിഹാരമാർഗങ്ങൾ സമഗ്രവും പ്രാദേശിക ആസൂത്രണത്തിൽ ഊന്നിയുള്ളതും പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തിയിട്ടുള്ളതുമാകണം. ആവാസവ്യവസ്ഥയുടെ ആരോഗ്യവും വിസ്തീർണവും തുടർച്ചയും വീണ്ടെടുക്കുക, അധിനിവേശ സസ്യങ്ങളെ ഒഴിവാക്കുക, സംഘർഷ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ മനുഷ്യന്റെ ഇടപെടലുകൾ പരമാവധി ഒഴിവാക്കുക, കാടിനുള്ളിലെയും പ്രാന്തപ്രദേശങ്ങളിലെയും അശാസ്ത്രീയമായ വികസനങ്ങൾ നിരുത്സാഹപ്പെടുത്തുക, വന്യജീവികളെ ആകർഷിക്കാത്ത ഭൂവിനിയോഗ രീതികൾ പ്രോത്സാഹിപ്പിക്കുക, അത്യപൂർവങ്ങളായ സാഹചര്യങ്ങളിൽ പ്രശ്നക്കാരായ വന്യജീവികളെ പിടിച്ചുമാറ്റുക, സമയ ബന്ധിതമായും ആവശ്യമായ അളവിലും ഇൻഷ്വറൻസ് പരിരക്ഷ, നഷ്ടപരിഹാരം തുടങ്ങിയവ ലഭ്യമാക്കുക, ദ്രുതകർമസേനയുടെ സേവനം നവീകരിക്കുക, സൗരോർജവേലികൾ പോലുള്ള ഹ്രസ്വകാല പരിഹാരമാർഗങ്ങൾ നടപ്പാക്കുക എന്നിവ പ്രാവർത്തികമാക്കണം.
കൂടിയ ജനസാന്ദ്രതയ്ക്കുള്ളിലും ഭൂവിസ്തൃതിയുടെ നല്ലൊരു പങ്ക് വനമായി നിലനിൽക്കുകയും, ഏകദേശം ആറായിരം കിലോമീറ്ററോളം കാടുംനാടും അതിർത്തി പങ്കിടുകയും ചെയ്യുന്ന കേരളത്തിന്റെ വികസനകൈകാര്യം ചെയ്യാൻ സർക്കാർ വകുപ്പുകൾക്കു മാത്രം സാധിക്കില്ല. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പദ്ധതികൾ, പ്രകൃതിസമ്പത്തിന്റെ സംരക്ഷണം, പുഴകളും നീർമറിപ്രദേശങ്ങളും നിലനിറുത്തൽ, വീണ്ടെടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ പൊതുസമൂഹവും പ്രത്യേകിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഊർജ്ജിതമായി ഏറ്റെടുത്താൽ മാത്രമേ ഫലപ്രാപ്തിയുണ്ടാവുകയുള്ളൂ.