m

മംഗലംഡാം: മലയോര മേഖലയിലെ പഞ്ചായത്ത് രൂപീകരണ പ്രഖ്യാപന പ്രതീക്ഷയിൽ പ്രദേശവാസികൾ. വണ്ടാഴി പഞ്ചായത്തിന്റെ മലയോര മേഖലയെയും കിഴക്കഞ്ചേരി പഞ്ചായത്തിലെ പ്രദേശങ്ങളെയും ഉൾപ്പെടുത്തി മംഗലംഡാം പഞ്ചായത്ത് രൂപീകരിക്കണമെന്നത് കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ്.

ഇത് യാഥാർത്ഥ്യമാക്കുന്നതിനായി വികസന കൂട്ടായ്മയുടെ നേതൃത്വത്തിൽ നവകേരള സദസിന് സമർപ്പിച്ച അപേക്ഷയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് പ്രദേശവാസികൾ. അധ്വാനത്തിലൂടെയും നിരന്തര പരിശ്രമത്തിലൂടെയും നാണ്യവിളകളുടെയും കാർഷിക ഉത്പന്നങ്ങളുടെയും സമ്പത്ത് വർദ്ധിപ്പിച്ച് മലയോര മേഖലയിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചവരാണ് ഇവിടുത്തെ കുടിയേറ്റക്കാർ. എന്നാൽ അധ്വാന വർഗത്തിന്റെ ആവശ്യങ്ങൾക്ക് പരിഗണന കൊടുക്കുന്നതിൽ മാറിമാറി വന്ന സർക്കാരുകൾക്ക് ശ്രദ്ധക്കുറവുണ്ടായി എന്ന് ഇവർ പറയുന്നു. പഞ്ചായത്തിന്റെ വിസ്തീർണക്കൂടുതലും ജനസംഖ്യയുമാണ് ഇതിന് കാരണമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

അടിസ്ഥാന വികസനങ്ങളായ ഗതാഗതം, പാർപ്പിടം, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ എന്നീ പ്രാഥമികാവശ്യങ്ങൾക്ക് പഞ്ചായത്ത് രൂപീകരണത്തിലൂടെ കൂടുതൽ വികസനം സാദ്ധ്യമാകും.

2015ൽ വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകൾ വിഭജിച്ച് മംഗലംഡാം പഞ്ചായത്ത് രൂപീകരണ നടപടി പൂർത്തിയായതാണ്. ഇത് സംബന്ധിച്ച് പ്രഖ്യാപനവും നടത്തിയിരുന്നു. എന്നാൽ കോടതിയിൽ ഫയൽ ചെയ്യപ്പെട്ട കേസിന്റെ പേരിൽ രൂപീകരണ പ്രക്രിയ നിലച്ചു.

-തോമസ് ഇലഞ്ഞിമറ്റം,​ മംഗലംഡാം വികസന കൂട്ടായ്മ ഭാരവാഹി.