ചിറ്റൂർ: മാറുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൽ കഴിവിനാണ് പ്രാധാന്യമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിവിനനുസരിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കാൻ അദ്ധ്യാപകർ തയ്യാറാവണം. വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്തമായ ധാരാളം ഉപരി പഠന സാദ്ധ്യതയുണ്ട്. പഠനം പൂർത്തിയാക്കി പോകുന്ന വിദ്യാർത്ഥികൾക്ക് ജോലി ലഭിച്ചോ രക്ഷപ്പെട്ടോ എന്ന് ചിന്തിക്കേണ്ട ബാദ്ധ്യത അദ്ധ്യാപകർക്കുണ്ട്. വിദ്യാർത്ഥികളുടെ പേരിൽ അദ്ധ്യാപകർ അറിയപ്പെടുന്ന രീതിയിലേക്ക് അവരെ വളർത്തിയെടുക്കണം. ടെക്നിക്കൽ സ്കൂളുകളിൽ മികച്ച സാദ്ധ്യതകളുള്ള സ്കീമുകളുണ്ട്. സോളാർ, പ്രിസിഷൻ ഫാമിംഗ്, മൈക്രോ ഇറിഗേഷൻ, ഫുഡ് പ്രോസസിംഗ് തുടങ്ങിയവയിൽ ട്രെയിനിംഗ് നൽകുകയാണെങ്കിൽ പഠനം പൂർത്തിയാകുമ്പോൾ തന്നെ നല്ല ജോലി കിട്ടും. ഇത്തരം ട്രെയിനിംഗിന് വേണ്ട എല്ലാ സൗകര്യങ്ങളും സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.
കെ.ബാബു എം.എൽ.എ അദ്ധ്യക്ഷനായി. പി.പി.സുമോദ് എം.എൽ.എ, ബ്ലോക്ക് പ്രസിഡന്റ് എ.സുജാത, നഗരസഭാദ്ധ്യക്ഷ കെ.എൽ.കവിത, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.അനീഷ്, ഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു.