
ഷൊർണൂർ: പട്ടികജാതി-വർഗ വിദ്യാർത്ഥികൾക്ക് പി.എസ്.സി കോച്ചിംഗ് സെന്റർ ഉൾപ്പടെ വിവിധ ഉന്നത പരിശീലനം ലക്ഷ്യമിട്ട് ഒരു വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത അയ്യങ്കാളി തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ വാതിലുകൾ അടഞ്ഞുതന്നെ. ഇൻസ്ട്രക്ടർമാരെ നിയമിക്കാത്തതാണ് കേന്ദ്രം അടഞ്ഞുകിടക്കാൻ കാരണം.
ഷൊർണൂർ കേന്ദ്രമായി പട്ടികജാതി, വർഗ വിഭാഗം വിദ്യാർത്ഥികൾക്കായി ജോലി സമ്പാദനത്തിനായി കോച്ചിംഗ് സെന്റർ വേണമെന്നത് നിരവധി സംഘടനകൾ വർഷങ്ങളായി ആവശ്യപ്പെട്ടിരുന്നതാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പട്ടിക വിഭാഗക്കാർ താമസിക്കുന്ന നഗരസഭയാണ് ഷൊർണൂർ.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ട്രെയിൻ വഴിയും ഇവിടെ എത്തിച്ചേരാൻ ബുദ്ധിമുട്ടില്ല. സെന്റർ തുടങ്ങിയപ്പോൾ വളരെ ആശ്വാസകരവും ഉപകാരപ്രദവുമായാണ് പട്ടിക വിഭാഗക്കാർ ഇതിനെ കണ്ടത്. എന്നാൽ ഇതിന്റെ പ്രവർത്തനം എന്ന് തുടങ്ങുമെന്ന ചോദ്യത്തിന് മറുപടിയില്ല. സംസ്ഥാന പട്ടികജാതി വകുപ്പാണ് നടപടികളെടുക്കേണ്ടത്.
വകുപ്പ് മന്ത്രി തന്നെ ഉദ്ഘാടനം ചെയ്ത സ്ഥാപനത്തിന്റെ കാര്യം ഇനി ആരോട് പറയാനെന്നാണ് നാട്ടുകാരുടെ ചോദ്യം. രാഷ്ട്രീയ പാർട്ടികളുടെയും നഗരസഭയുടെയും വിവിധ പരിപാടികൾ നടത്താനൊരിടമായി മാറിയിരിക്കയാണ് ഇപ്പോൾ ഈ പരിശീലന കേന്ദ്രം.