
പാലക്കാട്: രാമക്ഷേത്രം ശില്പി അരുൺ യോഗിരാജിനെ മൈസൂരിലെ വീട്ടിലെത്തി മുതലമട സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് സന്ദർശിച്ചു. മൈസൂർ കൊട്ടാരം ശില്പി പരമ്പരയിൽപ്പെട്ട അരുൺ രാജിന്റെ കുടുംബത്തെ ആദരിക്കുകയും ചെയ്തു. അമ്മ സരസ്വതി, ഭാര്യ വിജയാത്ത, മകൻ വേദാന്ത അരുൺ, മകൾ സൻവി അരുൺ, മറ്റു കുടുംബാംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
മൈസൂരിലെ വിശ്വകർമ്മ ശില്പികളുടെ കുടുംബത്തിലെ അഞ്ചാം തലമുറയിൽപ്പെട്ട അരുൺ തന്റെ പിതാവ് യോഗിരാജിൽ നിന്നാണ് ശില്പകല പഠിച്ചത്. ദ്രാവിഡ, ഹൊയ്സാല ശൈലികളിലും സമകാലിക ശൈലിയിലും ശില്പങ്ങൾ നിർമ്മിക്കുന്ന അരുണിന്റെ കരവിരുതിൽ വിരിഞ്ഞതാണ് കേദാർനാഥിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ശങ്കരാചാര്യ ശില്പം. ഇന്ത്യയിലും വിദേശത്തുമായി 60ഓളം വിദ്യാർത്ഥികൾക്ക് അരുൺ സൗജന്യമായി പരിശീലനം നൽകിയിട്ടുണ്ട്. കൂടാതെ സരസ്വതിപുരത്ത് ബ്രഹ്മർഷി കശ്യപ ശില്പകലാ ശാല ട്രസ്റ്റും നടത്തുന്നുണ്ട്. ഇവിടെ കുട്ടികൾക്ക് കളിമൺ മോഡലിംഗ്, കല്ല് ബാലൻസിംഗ്, ഡ്രോയിംഗ്, അനുബന്ധ കഴിവുകൾ എന്നിവയിലും പരിശീലനം നൽകുന്നു. സാമൂഹിക പ്രസക്തിയുള്ള പദ്ധതി ഏറ്റെടുക്കുകയും സർവകലാശാലയിൽ നിന്നും ലഭിക്കാത്ത ശില്പവിദ്യ യുവാക്കളെ സൂക്ഷ്മമായി പഠിപ്പിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
15 കരകൗശല വിദഗ്ദ്ധരും അഞ്ച് ശില്പകലാ വിദ്യാർത്ഥികളും അടങ്ങുന്ന സംഘം അരുണിനൊപ്പമുണ്ട്. ശില്പ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്രധാന വസ്തു സ്റ്റൈറ്റൈറ്റ് കല്ലാണ്. മെറ്റാമോർഫിക് പാറ, സ്റ്റൈറ്റൈറ്റ് കല്ല് എന്നിവ മൃദുവായതും എളുപ്പത്തിൽ കൊത്തിയെടുക്കാവുന്നതുമാണ്. ഉയർന്ന താപനില, വെള്ളം, തീ, ആസിഡ് എന്നിവ പ്രതിരോധിക്കും. ഇത് പ്രതിപ്രവർത്തനമില്ലാത്തതും സുഷിരങ്ങളില്ലാത്തതും ആഗിരണം ചെയ്യപ്പെടാത്തതുമാണ്, അതിനാൽ പാലും നെയ്യും മറ്റും ഉപയോഗിച്ച് ആരാധനയ്ക്ക് വിധേയമാകുന്ന ക്ഷേത്ര വിഗ്രഹങ്ങൾക്ക് ഏറെ അനുയോജ്യമാണ്. ഹാസൻ, എച്ച്.ഡി കോട്ടെ എന്നിവിടങ്ങളിലെ ഖനികളിൽ നിന്നാണ് അസംസ്കൃത വസ്തുക്കൾ വാങ്ങുന്നത്.