
മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസ് അംഗം രാജൻ ആമ്പാടത്ത് തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫിലെ പി.അജിത് ആയിരുന്നു എതിർസ്ഥാനാർത്ഥി. 18 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് 11, എൽ.ഡി.എഫ് ഏഴ് എന്നിങ്ങനെയാണ് കക്ഷിനില. രാജൻ ആമ്പാടത്തിന് 10 വോട്ടുകളും അജിത്തിന് ഏഴ് വോട്ടുകളും ലഭിച്ചു. ശാരീരിക പ്രശ്നങ്ങൾ കാരണം മുസ്ലിം ലീഗ് അംഗം ഷെരീഫ് വോട്ടെടുപ്പിൽ പങ്കെടുക്കാനെത്തിയില്ല. അസി.രജിസ്ട്രാർ കെ.ജി.സാബു വരണാധികാരിയായിരുന്നു.
യു.ഡി.എഫ് ധാരണപ്രകാരം പ്രസിഡന്റ് സ്ഥാനം ആദ്യ മൂന്ന് വർഷം മുസ്ലിം ലീഗിനും ശേഷിക്കുന്ന രണ്ട് വർഷം കോൺഗ്രസിനുമാണ്. ഇത് പ്രകാരം പ്രസിഡന്റായിരുന്ന ലീഗ് പ്രതിനിധി കെ.കെ.ലക്ഷ്മിക്കുട്ടി കഴിഞ്ഞ മാസം രാജി വെച്ചിരുന്നു. ഇതേ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. മുന്നണി ധാരണ അനുസരിച്ച് കോൺഗ്രസ് അംഗം ഡി.വിജയലക്ഷ്മി വൈസ് പ്രസിഡന്റ് സ്ഥാനവും ഇന്നലെ രാജിവച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട രാജൻ ആമ്പാടത്തിനെ യു.ഡി.എഫ് നേതാക്കൾ ഷാൾ അണിയിച്ച് ആദരിച്ചു. ചുങ്കം ഭാഗത്തേക്ക് ആഹ്ലാദ പ്രകടനവും നടത്തി.