road

ചെർപ്പുളശേരി: ജലസേചന വകുപ്പിന്റെയും നഗരസഭയുടെയും അനാസ്ഥയിൽ റോഡ് ചെളിക്കുളമായി. ഇതോടെ തൂത- നാലാലുംകുന്ന്- മൂച്ചിത്തോട്ടം- വീട്ടിക്കാട് മേഖലയിൽ കാൽനട യാത്രക്കാർ ദുരിതത്തിലായി. ജൽജീവൻ മിഷന്റെ പൈപ്പ് ലൈൻ പ്രവൃത്തി യഥാസമയം വിലയിരുത്താത്തതും വീഴ്ച പരിഹരിക്കാത്തതുമാണ് യാത്ര ദുരിതമയമായത്.

അശാസ്ത്രീയമായ രീതിയിലാണ് പ്രവൃത്തികൾ നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. ചാല് കീറി പൈപ്പ് ലൈൻ സ്ഥാപിച്ചതിന് ശേഷം മെറ്റൽ മിക്സ് ഇടാത്തതും അധിക മണ്ണ് നീക്കം ചെയ്യാത്തതുമാണ് ദുരിതം ഇരട്ടിയാക്കിയത്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഗൗരവത്തിലെടുക്കാത്ത മട്ടാണ്. റോഡ് തകർന്ന കാരണം ലക്ഷ്യസ്ഥാനത്തെത്താൻ പ്രദേശവാസികൾ കിലോമീറ്ററുകൾ വഴിമാറി സഞ്ചരിക്കേണ്ട അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ പ്രദേശത്തെ പല റോഡുകളും ചെളിക്കുളമായി മാറി. പ്രശ്ന പരിഹാരത്തിന് ബന്ധപ്പെട്ടവർ ഉടനടി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പ്രശ്നം ജലസേചന ഉദ്യോഗസ്ഥരുടേയും കരാറുകാരുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വിഷയത്തെ ഗൗരവമായി കാണാത്തത് കൊണ്ടാണ് വ്യാഴാഴ്ചയിലെ മഴയിൽ റോഡ് ചളിക്കുളമായത്.

എൻ.കവിത, കൗൺസിലർ.