
തൃത്താല: കൂറ്റനാട് ജംഗ്ഷൻ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കൽ ഉടൻ ആരംഭിക്കും. സ്ഥലമെറ്റെടുക്കലിന് മുന്നോടിയായി പ്രദേശത്തെ വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും യോഗം മന്ത്രി എം.ബി.രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.
13.29 കോടിയാണ് പദ്ധതിക്ക് ചെലവ്. കൂറ്റനാട് ജംഗ്ഷനിലേക്ക് എത്തിച്ചേരുന്ന നാല് പ്രധാന റോഡുകളും 300 മീറ്റർ നീളത്തിൽ നവീകരിക്കും. ബസ് കാത്തിരിപ്പ് കേന്ദ്രവും ഓട്ടോ സ്റ്റാൻഡും ട്രാഫിക് സിഗ്നൽ ലൈറ്റ് ഉൾപ്പെടെയുള്ള ട്രാഫിക് ഐലൻഡും നിർമ്മിക്കും. 23 മീറ്റർ വരെ വീതിയിലാണ് ജംഗ്ഷൻ നവീകരണം.
കിഫ്ബി മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നിർവഹണ ഏജൻസി കേരള റോഡ് ഫണ്ട് ബോർഡ് ആണ്. കെ.ആർ.എഫ്.ബി എക്സി.എൻജിനീയർ ജയ പദ്ധതി വിശദീകരിച്ചു. ലാൻഡ് അക്വിസിഷൻ തഹസീൽദാർ നാരായണൻ സ്ഥലമെറ്റെടുപ്പ് നടപടി വിശദീകരിച്ചു. കെ.ആർ.എഫ്.ബി അസി.എക്സി.എൻജിനീയർ ജൂഡിറ്റ് മേരി, പ്രൊജക്ട് എൻജിനീയർ സനൽ, വി.വി.ബാലചന്ദ്രൻ, ഇന്ദിര, സുന്ദരൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ആവശ്യമായ ഭൂമി കല്ലിട്ട് അടയാളപ്പെടുത്തുന്ന പ്രവൃത്തി ഈ മാസമാരംഭിക്കും. തുടർന്ന് സർവേ നടത്തി ഏറ്റെടുക്കുന്ന സ്ഥലമടയാളപ്പെടുത്തും. ഭൂമിയും കെട്ടിട ഭാഗങ്ങളും നഷ്ടപ്പെടുന്നവർക്ക് 2013ലെ കേന്ദ്ര നിയമ പ്രകാരമുള്ള നഷ്ടപരിഹാരം ലഭ്യമാക്കും.
-എം.ബി.രാജേഷ്, മന്ത്രി.