nallepilly-padam
വെള്ളം ലഭിക്കാതെ വീണ്ടുകീറി ഉണക്ക ഭീഷണി നേരിടുന്ന നല്ലേപ്പിള്ളി അപ്പുപിള്ളയൂരിലെ നെൽപ്പാടം.

ചിറ്റൂർ: ആളിയാർ ജലസേചന പദ്ധതിയിൽ നിന്ന് ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാൽ നല്ലേപ്പിള്ളി അപ്പുപിള്ളയൂർ ഭാഗങ്ങളിൽ രണ്ടാംവിള നെൽകൃഷിയിടങ്ങൾ വരണ്ടുതുടങ്ങി. വിതരണത്തിന് ആവശ്യമായ വെള്ളത്തിന്റെ മൂന്നിലൊന്നു പോലും ഇപ്പോൾ ലഭിക്കുന്നില്ല.

കുടിവെള്ളത്തിനുള്ളത് കഴിഞ്ഞുള്ള വെള്ളം മാത്രമാണ് വിവിധ കനാലുകളിലേക്ക് ഒഴുക്കി വിടുന്നത്. കുറഞ്ഞ അളവിലുള്ള വെള്ളമേ കനാലിലൂടെ ഒഴുകി എത്തുന്നുള്ളു. അത് ഓരോ ബ്രാഞ്ച് കനാലിന്റെ പകുതി ദൂരമുള്ള പാടങ്ങളിൽ മാത്രമാണ് ലഭിക്കുന്നതും.

ചിറ്റൂർപുഴ പദ്ധതി പ്രദേശത്ത് ഏക്കർ കണക്കിന് വിസ്തൃതിയുള്ള കുളങ്ങളുണ്ടെങ്കിലും പലതും ചമ്പയും കാട്ടുചെടികളും വളർന്ന് വർഷങ്ങളായി വെള്ളം നിറയ്ക്കാൻ പറ്റാത്ത അവസ്ഥയിലാണ്. കനാൽ വെള്ളത്തെ ആശ്രയിച്ചാണ് പൂന്തൽ പാടങ്ങൾ പോലും കൃഷി ചെയ്യുന്നത്.

വാലറ്റത്ത് വെള്ളമെത്തുന്നില്ല

രണ്ടാംവിളയ്ക്ക് മൂപ്പ് കുറഞ്ഞ ഉമ, ജ്യോതി നെൽ വിത്തിനങ്ങളാണ് പാകിയത്. ഇതിന് 120-130 ദിവസത്തെ മൂപ്പാണ്. ഇതിൽ 25-30 ദിവസം ഞാറിനത്തിൽ പോയാൽ ബാക്കിയുള്ള 90-100 ദിവസത്തിനുള്ളിൽ കൊയ്യാൻ പാകമാകും. ഈ ദിവസത്തിനുള്ളിൽ മൂന്നുപ്രാവശ്യമെങ്കിലും രാസവള പ്രയോഗം നടത്തണം. രണ്ടുപ്രാവശ്യം കളയെടുക്കണം. ഇത്തരം ജോലികൾ സമയത്തിന് നടത്തണമെങ്കിൽ ആവശ്യത്തിന് വെള്ളം വേണം. ഇപ്പോൾ 10-12 ദിവസം കഴിഞ്ഞാലും പാടങ്ങളിൽ വെള്ളമെത്താറില്ല. എത്തുന്നത് രണ്ടു ദിവസത്തിനുള്ളിൽ വറ്റും.

പിന്നീടുള്ള ദിവസങ്ങളിൽ മണ്ണ് വിണ്ടുകീറും.

ടേൺ സിസ്റ്റം മാറണം

ആഴ്ചയിലൊരിക്കൽ വെള്ളം കൃഷിയിടങ്ങളിൽ എത്തുന്ന വിധത്തിൽ ടേൺ സിസ്റ്റത്തിൽ മാറ്റം വരുത്തി കൂടുതൽ അളവിലുള്ള വെള്ളം പറമ്പിക്കുളം ആളിയാർ പദ്ധതിയിൽ നിന്ന് ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.