
ഒറ്റപ്പാലം: ജന്മനാ കാഴ്ചയില്ലാതെ പോയ തന്റെ വിധിയെ കൊട്ടി തോൽപ്പിക്കുകയാണ് ചേലക്കര കണ്ടംകുമരത്ത് മണികണ്ഠൻ- രാജേശ്വരി ദമ്പതികളുടെ മകൾ രശ്മി. വാണിയംകുളം വെള്ളാരംപാറയിൽ പടിഞ്ഞാറെത്തല അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച് നടന്ന രശ്മിയുടെ തായമ്പക കാഴ്ചക്കാരിൽ വിസ്മയമായി.
തായമ്പകയിൽ കൊട്ടിക്കയറിയ രശ്മി തളരാത്ത മനസുമായി ചെണ്ടയിൽ താളഗോപുരം തീർത്തു. പതി കാലത്തിൽ തുടങ്ങി ചെമ്പക്കൂറും കടന്ന് രശ്മിയുടെ ചെണ്ടക്കോലുകൾ ഇടക്കാലത്തിൽ കൊട്ടി അവസാനിപ്പിച്ചപ്പോൾ പരിമിതികളെ തോൽപ്പിച്ച പെൺകുട്ടിയുടെ നേട്ടത്തിന് ജനം സാക്ഷിയായി.
ഒമ്പതാം ക്ലാസുകാരിയായ രശ്മിക്ക് ജന്മനാ കാഴ്ചശക്തി ഇല്ല. ചെണ്ടയിൽ രശ്മി നടത്തുന്ന മേളപ്പെരുക്കം തായമ്പകയിലെ ത്രസിപ്പിക്കുന്ന അനുഭവമെന്ന് വാദ്യകലാ ആസ്വാദകരും സാക്ഷ്യപ്പെടുത്തുന്നു.
മാറ്റുരച്ചത് 25-ൽ പരം വേദികളിൽ
മൂന്ന് വർഷം മുമ്പ് പുലാക്കോട് കാർത്ത്യായനി ക്ഷേത്രത്തിലാണ് അരങ്ങേറ്റം നടന്നത്. പിന്നീട് പഠനത്തിനിടയിലും 25-ൽ പരം വേദികളിൽ തായമ്പക അവതരിപ്പിച്ചു.
കൊവിഡ് കാലത്താണ് തായമ്പക പഠിച്ചത്. വാദ്യകലാകാരനായ അച്ഛൻ തന്നെയാണ് ഗുരു. താളം കേട്ട് പഠിക്കുകയായിരുന്നു. വേദിക്ക് മുന്നിലെ ആസ്വാദകരെ കാണാൻ കഴിയില്ലെങ്കിലും ഇവർ നൽകുന്ന ആരവം വലിയ സന്തോഷമാണ്.
-രശ്മി.