temple

കൊല്ലങ്കോട്: വെങ്ങുനാട് ദേശത്തിലെ പ്രധാന ഉത്സവമായ പുലിക്കോട് അയ്യപ്പൻകാവിലെ ആറാട്ട് ഇന്ന് ആഘോഷിക്കും. ധനു ഒന്നിന് അലച്ചം കെട്ടൽ ചടങ്ങ് കൊടിയേറിയതോടെ ക്ഷേത്രത്തിൽ മണ്ഡലവിളക്കുകൾക്ക് തുടക്കമായി.

അവകാശ വിളക്കുകളായ ടാക്സി ഡ്രൈവേഴ്സ് വിളക്ക്, മൈനർ വിളക്ക്, തെക്കേത്തറ വിളക്ക്, ഇലക്ട്രിസിറ്റി വിളക്ക്, പുഴയ്ക്കൽ തറവിളക്ക്, ഇരഞ്ഞിമന്ദം- പുളിമന്ദം ദേശവിളക്ക് എന്നിവ ആഘോഷത്തോടെ നടന്നു.

അയ്യപ്പൻ കാവിലെ ആറാട്ട് മഹോത്സവം ഇന്ന് നടക്കും. ക്ഷേത്ര ചടങ്ങുകൾക്ക് അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാട്, മേൽശാന്തി വിഷ്ണു നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.

പുലർച്ചെ ആചാര വെടി,​ ഗണപതി ഹോമം,​ ഉഷപൂജ,​ ലക്ഷാർച്ചന, പ്രസാദ ഊട്ട്, ദീപാരാധന, പഞ്ചവാദ്യം,​ കലാരൂപത്തോടുകൂടെ ആറാട് കുളിക്കായി പുറപ്പെടൽ എന്നിവ നടക്കും. മുഖ്യ രക്ഷാധികാരി വെങ്ങുനാട് സ്വരൂപം വലിയ കാരണവർ രവിവർമ്മ സന്നിഹിതനാകും.