
മംഗലംഡാം: നേർച്ചപ്പാറയിൽ വീണ്ടും കാട്ടാനയിറങ്ങി നൂറോളം വാഴകളും പത്ത് കവുങ്ങുകളും നശിപ്പിച്ചു. തെള്ളിയിൽ ആന്റണി സെബാസ്റ്റ്യന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാനയിറങ്ങി വിള നശിപ്പിച്ചത്.
കഴിഞ്ഞ മാസം നേർച്ചപ്പാറ പൂതംകുഴി ഭാഗങ്ങളിൽ ഒരാഴ്ചയോളം ജനങ്ങളെ ഭീതിയിലാഴ്ത്തി വിള നശിപ്പിച്ച ആനകളെ വനംവകുപ്പ് ഏറെ പണിപ്പെട്ടാണ് ഉൾക്കാട്ടിലേക്ക് കയറ്റിവിട്ടത്. ജനവാസ മേഖലയിൽ കാട്ടാന വീണ്ടും എത്തിയതോടെ ആളുകൾ പരിഭ്രാന്തിയിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി. മേഖലയിൽ രാത്രി പട്രോളിംഗ് ശക്തമാക്കുമെന്നും അവരറിയിച്ചു.