attapadi
അട്ടപ്പാടി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി ഉദ്ഘാടന ചടങ്ങിൽ നിന്ന്.

പാലക്കാട്: നീതിന്യായ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമായ നിലപാട് സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഗളി ഐ.ടി.ഡി.പി കെട്ടിടത്തിൽ നിർമ്മിച്ച അട്ടപ്പാടി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ അധികാരത്തിൽ വന്ന ശേഷം പുതിയ 101 കോടതികൾ സ്ഥാപിച്ചു. സർക്കാരിന്റെ സമഗ്രമായ ഇടപെടലിന്റെ തുടർച്ചയാണ് അട്ടപ്പാടി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി.

അട്ടപ്പാടിയിലെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു കോടതി. അട്ടപ്പാടിയിലെ ജനങ്ങളുടെ കേസുകൾ കൈകാര്യം ചെയ്യുന്നതിന് 40 കിലോമീറ്റർ ദൂരെ മണ്ണാർക്കാട് വരെ പോകേണ്ട സാഹചര്യമായിരുന്നു. സമയനഷ്ടത്തിനും ധനനഷ്ടത്തിനും പരിഹാരമാവുകയാണ്. തീർപ്പാകാതെ അവശേഷിക്കുന്ന കേസുകളുടെ തുടർ നടപടി വേഗത്തിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര വകുപ്പിന്റെ 20.10 ലക്ഷം ചെലവിലാണ് കോടതി പൂർത്തിയാക്കിയത്. കെട്ടിട സമുച്ചയത്തിൽ മുന്നിലെ ഓടിട്ട കെട്ടിടത്തിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ്, അഡ്വക്കേറ്റ് റൂം, അഡ്വക്കേറ്റ് ക്ലാർക്ക് ഓഫീസ്, കോപ്പിയിംഗ് സെക്ഷൻ, ജൂനിയർ സൂപ്രണ്ട്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ക്യാബിൻ എന്നിവ സജീകരിച്ചിട്ടുണ്ട്. കോൺക്രീറ്റ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കോടതി ഹാൾ, ജുഡീഷ്യൽ ഓഫീസറുടെ മുറി, റെക്കോഡ് റൂം, ക്രിമിനൽ വിഭാഗം പ്രോപ്പർട്ടി റൂം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
അഗളി ഇ.എം.എസ് ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി മുഖ്യാതിഥിയായി. ഹൈക്കോടതി ജഡ്ജിയും പാലക്കാട് ജുഡീഷ്യൽ ഡിസ്ട്രിക്ടിന്റെ ചുമതലയുമുള്ള ജസ്റ്റിസ് ദിനേശ് കുമാർ സിങ് ശിലാഫലകം അനാച്ഛാദനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് പി.ഡബ്ല്യു.ഡി ബിൽഡിംഗ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സി.രാജേഷ് ചന്ദ്രൻ റിപ്പോർട്ടവതരിപ്പിച്ചു. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ.അനന്തകൃഷ്ണ നവാഡ, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വി.ശ്രീജ, ബ്ലോക്ക് പ്രസിഡന്റ് മരുതി മുരുകൻ, പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണൻ, എ.എസ്.പി രാധാകൃഷ്ണൻ, സംയോജിത ആദിവാസി വികസന പ്രോജക്ട് ഓഫീസർ വി.കെ.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.