fest
എലപ്പുള്ളി ജി.എച്ച്.എസ്.എസിൽ നടന്ന ക്രിയേറ്റീവ് സ്കിൽ ഫെസ്റ്റിവൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടന വളർത്തിയടുക്കുന്നതിന് യുവജനങ്ങൾക്ക് പുതിയ തൊഴിൽ മേഖലകളിൽ നൈപുണ്യം നേടുന്നതിനാവശ്യമായ വിവിധ പദ്ധതികൾ ജില്ലാ പഞ്ചായത്ത് ആവിഷ്കരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ. ജില്ലാ പഞ്ചായത്ത്, കേരള നോളജ് ഇക്കോണമി മിഷൻ, അക്കാദമി ഓഫ് മീഡിയ ആൻഡ് ഡിസൈൻ എന്നിവ സംയുക്തമായി ജില്ലയിലെ പ്ലസ് ടു, കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ക്രിയേറ്റീവ് സ്കിൽ ഫെസ്റ്റിവൽ എലപ്പുള്ളി ജി.എച്ച്.എസ്.എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ക്രിയേറ്റീവ് സെക്ടർ ആധുനിക കാലത്ത് യുവജനങ്ങൾക്ക് വലിയ തൊഴിലവസരം നൽകുന്നുണ്ട്. ജില്ലയിലെ ക്രിയേറ്റീവ് മേഖലയിൽ നൈപുണ്യമുള്ള യുവതീയുവാക്കളെ കണ്ടെത്തി അവർക്ക് സൗജന്യ പരിശീലനവും ഈ മേഖലയിലെ ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ സ്കോളർഷിപ്പുകളും നൽകുക എന്നതാണ് ക്രിയേറ്റീവ് സ്‌കിൽ ഫെസ്റ്റിവൽ വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി 100 വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകും. പ്ലസ് ടു, കോളെജ് വിദ്യാർത്ഥികൾക്കും പഠനം പൂർത്തീകരിച്ച യുവജനങ്ങൾക്കും അഭിരുചി നിർണയ പരീക്ഷ നടത്തുന്നുണ്ട്. അതിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏപ്രിൽ, മെയ് മാസങ്ങളിലായി സൗജന്യ പരിശീലനം നൽകും. കോഴ്സുകളിൽ തുടർന്നുപോകാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും അനുവദിക്കും. 40 വനിതകൾക്കും 10 ട്രാൻസ് വ്യക്തികൾക്കും സോഷ്യൽ മീഡിയ ഡിസൈനിൽ സൗജന്യ പരിശീലനം നൽകും. ഇതിനായി കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള എല്ലാ ക്ലബ്ബുകളിലും ഓൺലൈൻ രജിസ്‌ട്രേഷൻ നടക്കുന്നുണ്ട്. ഡിസൈനിൽ താത്പര്യമുള്ള 100 അദ്ധ്യാപകർക്കും സൗജന്യ പരിശീലനം നൽകും.
ജില്ലാ പഞ്ചായത്ത് അംഗം എം.പദ്മിനി അദ്ധ്യക്ഷയായി. കേരള നോളജ് ഇക്കോണമി മിഷൻ ജില്ലാ മിഷൻ കോഓർഡിനേറ്റർ എ.ഫൈസൽ, വേൾഡ് ഡിസൈൻ കൗൺസിൽ ഇന്ത്യാ ഹെഡ് എ.ഫിലിപ്പ് തോമസ്, ബ്ലോക്കംഗം എ.വിശാലാക്ഷി, പി.ടി.എ പ്രസിഡന്റ് കെ.രാജകുമാരി, പ്രിൻസിപ്പൽ ഡോ.വത്സല, പ്രധാനാദ്ധ്യാപിക സി.ഗിരിജ പങ്കെടുത്തു.