തൃത്താല: തൃത്താലയെ സമ്പൂർണ ജലസുരക്ഷാ മണ്ഡലമാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. നാഗലശേരി സഹ.ബാങ്ക് ഹാളിൽ നടന്ന സുസ്ഥിര തൃത്താല പദ്ധതി അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ഭാഗമായി കാർഷിക കുളങ്ങളുടെ നിർമ്മാണം, കിണർ റീചാർജിംഗ്, മഴവെള്ള സംഭരണം, നീർച്ചാലുകളുടെ പുനരുദ്ധാരണം തുടങ്ങിയവ ഊർജ്ജിതമാക്കും. ഒരു ലക്ഷം തെങ്ങിൻതൈകൾ നട്ടു, 48 കിണർ റീചാർജിംഗ് പൂർത്തിയായി. ജലബഡ്ജറ്റ് ഈ മാസം പ്രകാശനം ചെയ്യും. മാലിന്യമുക്ത തൃത്താല പദ്ധതിയുടെ ഭാഗമായി യൂസർ ഫീ കളക്ഷൻ ഊർജിതമാക്കും.
മാലിന്യ ശേഖരണത്തിന് ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 17 മുതൽ സ്പെഷ്യൽ ഡ്രൈവ് നടത്തും. സോഷ്യൽ ഫോറസ്ട്രിയുടെ സഹകരണത്തോടെ കാവുകൾ പുനരുദ്ധീകരിക്കും. ഉൾനാടൻ മത്സ്യകൃഷി വർദ്ധിപ്പിക്കും. എട്ട് നീർത്തടങ്ങൾ തരിശ് രഹിതമാക്കും.
എം.ജി.എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടർ എ.നിസാമുദ്ദീൻ, നവകേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ പി.സൈതലവി, എൽ.എസ്.ജി.ഡി ജോ.ഡയറക്ടർ രവിരാജ്, ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ പി.ഡി.സിന്ധു, എം.ജി.എൻ.ആർ.ഇ.ജി.എസ് ജോ.പ്രോഗ്രാം കോഓർഡിനേറ്റർ കെ.പി.വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.