വടക്കഞ്ചേരി: പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ മില്ലറ്റ് മഹോത്സവം സംഘടിപ്പിച്ചു. ചെറുധാന്യങ്ങളുടെ കൃഷി, മേജർ, മൈനർ മില്ലറ്റുകൾ, ഗോതമ്പും അരിയുമായി താരതമ്യം ചെയ്യുമ്പോൾ മില്ലറ്റുകളുടെ പോഷക ഗുണങ്ങൾ, ജീവിത ശൈലി രോഗങ്ങളെ ഇല്ലാതാക്കുന്നതിന് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മില്ലറ്റുകൾ, മില്ലറ്റ് ഉപയോഗിച്ചുണ്ടാക്കുന്ന വിവിധതരം ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്തി ചെറുധാന്യങ്ങൾ പോഷകങ്ങളുടെ കലവറ എന്ന വിഷയത്തിൽ മുൻ കൃഷിവകുപ്പ് റിട്ട.ജോയിന്റ് ഡയറക്ടർ ബി.സുരേഷ് ക്ലാസെടുത്തു. ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുമായി സംയോജിപ്പിച്ചാണ് ക്ലാസ് സംഘടിപ്പിച്ചത്. മേളയിൽ വിവിധതരം മില്ലറ്റുകളുടെയും മൂല്യവർധിത ഉത്പന്നങ്ങളുടെയും പ്രദർശനവും വിപണനവും നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ജെ.ഹുസനാർ അദ്ധ്യക്ഷനായി.