
പട്ടാമ്പി: തൂതപ്പുഴയ്ക്ക് കുറുകെ തിരുവേഗപ്പുറ പഞ്ചായത്തിനെയും മലപ്പുറം ജില്ലയിലെ ഇരുമ്പിളിയം പഞ്ചായത്തിനെയും ബന്ധിപ്പിച്ചു കൊണ്ട് നിർമ്മിക്കുന്ന കാലടിക്കുന്ന് റഗുലേറ്റർ കം ഫൂട്ട് ബ്രിഡ്ജ് (ആർ.സി.എഫ്.ബി) യാഥാർത്ഥ്യത്തിലേക്ക്.
കൈവരികളുൾപ്പെടെ 1.5 മീറ്റർ വീതിയുള്ള നടപ്പാലം രണ്ട് പഞ്ചായത്തുകളിലെ ജനങ്ങളെ ബന്ധിപ്പിക്കും. വേനൽകാലത്ത് നദിയിലെ നീരൊഴുക്ക് കുറവായതിനാൽ ജലക്ഷാമം തടയാനും ഇടയ്ക്കിടെ പെയ്യുന്ന മഴയിൽനിന്ന് അധികമായി ലഭിക്കുന്ന വെള്ളം ഫലപ്രദമായി പ്രയോജനപ്പെടുത്താനുമാണ് പദ്ധതി ഉദ്ദേശിക്കുന്നത്. നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കലട്ക്കാർ സാഫല്യ ജെവി ബിൽഡേഴ്സ് കമ്പനിക്കാണ് ടെണ്ടർ. ഇറിഗേഷൻ ഇൻഫാ സ്‌ട്രെക്ടർ ഡവലപ്‌മെന്റ് കോർപറേഷനാണ് നിർമ്മാണ ചുമതല.
പദ്ധതിയുടെ നിർമ്മാണം ആരംഭിക്കുന്നതിനു മുന്നോടിയായി പ്രസ്തുത പ്രദേശം മുഹമ്മദ് മുഹസിൻ എം.എൽ.എ സന്ദർശിച്ചു. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ ജമാലുദ്ദീൻ, പി.കെ. സുഭാഷ്, വി.ടി.ബിജു തിരുവേഗപ്പുറ, ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് മെമ്പർ ടി.പി.മെറീഷ്, സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പർ ശരീഫ് പാലോളി തുടങ്ങിയവർ എം.എൽ.എയുടെ കൂടെയുണ്ടായിരുന്നു.
ആർ.സി.എഫ്.ബിയിലെ പ്രധാന ഘടകങ്ങൾ
റെഗുലേറ്റർ, നടപ്പാലം, ഏപ്രൺ, ഓപ്പറേറ്റിംഗ് പ്ലാറ്റ്‌ഫോം, അപ്രോച്ച് റോഡ്, ജനറേറ്റർ റൂം, സൈഡ് പ്രൊട്ടക്ഷൻ വർക്കുകൾ.
15 ദിവസത്തിനു ശേഷം നിർമ്മാണം ആരംഭിക്കും
നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രൊജക്ട് ഓഫീസ് ആരംഭിക്കുകയും സ്ഥലം ക്ലിയർ ചെയ്യൽ തുടങ്ങിയ നടപടികൾ പുരോഗമിക്കുന്നുണ്ട്.15 ദിവസത്തിനുള്ളിൽ അത്തരം പ്രവൃത്തികൾ തീർത്തുകൊണ്ട് കാലടിക്കുന്നു റഗുലേറ്റർ കം ഫൂട്ട് ബ്രിഡ്ജ് നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.
പദ്ധതിയുടെ പ്രയോജനങ്ങൾ
രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമാകും.
പുഴയുടെ മൂന്നു കിലോമീറ്ററോളം വെള്ളം സംഭരിച്ചു നിർത്താൻ കഴിയും.
മൺസൂൺ അവസാനിക്കുന്നതിന് മുമ്പ് ജലം തടഞ്ഞുനിർത്തും.
പ്രതീക്ഷിക്കുന്ന ജലത്തിന്റെ സംഭരണം 1.357 എം.എം.
നിലവിലെ സഞ്ചിത കൃഷിയോഗ്യമായ 144 ഹെക്ടറിൽ നിന്ന് ഏകദേശം 444 ഹെക്ടറായി വർദ്ധിപ്പിക്കും.
2.5 മീറ്റർ വീതിയുള്ള ഓപ്പറേറ്റിംഗ് പ്ലാറ്റ്‌ഫോമും ഷട്ടറുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് സഹായിക്കും.