
18 മാസംകൊണ്ട് നിർമ്മാണം പൂർത്തിയാക്കും.
525.79 കോടി രൂപ ചെലവ്.
പാലക്കാട്: സേലം -കൊച്ചി ദേശീയപാതയിൽ പാലക്കാടിനും ചാലക്കുടിക്കുമിടയിൽ 11 അടിപ്പാതകൾ നിർമ്മിക്കാൻ തയ്യാറെടുത്ത് ദേശീയപാത അതോറിറ്റി. പാലക്കാട്, ആലത്തൂർ, തൃശൂർ, ചാലക്കുടി ലോക്സഭാ മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് അടിപ്പാതകൾ നിർമ്മിക്കുക. ദേശീയപാതയുടെ അടിയിലൂടെ ട്രക്കുകളും കണ്ടെയ്നറുകളും ഒഴികെയുള്ള വാഹനങ്ങൾക്ക് പാതമുറിച്ച് കടക്കാനും സർവീസ് റോഡിലേക്ക് പ്രവേശിക്കാനും കഴിയുന്ന അടിപ്പാതകളാണ് നിർമ്മിക്കുന്നത്. ആവശ്യമായ സ്ഥലത്ത് പുതിയ സർവീസ് റോഡുകളും നിർമ്മിക്കും.
അപകടം കുറയ്ക്കുക ലക്ഷ്യം
ദേശീയപാത മുറിച്ചുകടക്കുമ്പോൾ കൂടുതൽ അപകടങ്ങൾ സംഭവിച്ച സ്ഥലങ്ങൾ ബ്ലാക്ക് സ്പോട്ടായി രേഖപ്പെടുത്തിയാണ് അടിപ്പാതകൾ നിർമ്മിക്കാനുള്ള തീരുമാനം. ഈ ആവശ്യമുന്നയിച്ച് പ്രാദേശികമായി ജനകീയസമരങ്ങൾ ഉണ്ടായിരുന്നു. ദേശീയപാത സുരക്ഷാവിഭാഗം, സംസ്ഥാന പൊലീസ് എന്നിവയും പാതമുറിച്ചുകടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ അടിപ്പാത വേണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് തീരുമാനം.
ഗതാഗതക്കുരുക്ക് കുറയും
വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള ദേശീയപാത ആറുവരിയാക്കുന്നതിനുള്ള സർവേ പൂർത്തിയായെങ്കിലും നിർമ്മാണാനുമതി ആയിട്ടില്ല. അതിനു കാത്തുനിൽക്കാതെയാണ് അടിപ്പാതകളുടെ നിർമ്മാണം ആരംഭിക്കുന്നത്. പുതുശ്ശേരി മുതൽ പാലക്കാട് മെഡിക്കൽ കോളേജുവരെ ദേശീയപാതയുടെ ഭാഗമായി ബൈപ്പാസ് നിർമ്മിക്കുന്നതിനുള്ള സർവേയും പൂർത്തിയായിട്ടുണ്ട്. അടിപ്പാതകൾ ആദ്യം പൂർത്തിയാക്കിയാൽ പിന്നീട് ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്നതിനുള്ള പണി നടത്തുമ്പോൾ ഗതാഗതപ്രശ്നം പരമാവധി കുറയ്ക്കാകുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിലയിരുത്തൽ.