kollangode-aarattu
കൊല്ലങ്കോട് പുലിക്കോട് അയ്യപ്പൻകാവിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്.

കൊല്ലങ്കോട്: വെങ്ങുനാട് ദേശത്തിന്റെ ചരിത്ര സ്മരണകളുണർത്തുന്ന പുലിക്കോട് അയ്യപ്പൻകാവിലെ ആറാട്ട് മഹോത്സവം വർണ്ണാഭമായി ആഘോഷിച്ചു. രാജഭരണകാലത്ത് തുടങ്ങിയ ആറാട്ട് ഉത്സവം പുതുതലമുറയും ആചാരാനുഷ്ടാനങ്ങൾ പാലിച്ച് അത്യധികം ഭംഗിയോടെ നടത്തി വരുന്നു.

വെങ്ങുനാട് സ്വരൂപം വലിയ കാരണവരും അയ്യപ്പൻകാവ് രക്ഷാധികാരിയുമായ രവിവർമ്മ തമ്പുരാൻ ആറാട്ട് ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാവിലെ ആചാരവെടിയോടെ ആറാട്ട് ദിനത്തിലെ ക്ഷേത്ര ചടങ്ങുകൾക്ക് തുടക്കമായി. ഗണപതിഹോമം, ഉഷപൂജ, ലക്ഷാർച്ചന, ഉച്ചയ്ക്ക് പ്രസാദ ഊട്ട് എന്നിവ നടന്നു.

കോലങ്ങൾ, പറ, വാദ്യം, കലാരൂപങ്ങൾ, ശിങ്കാരിമേളം, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ ആലമ്പള്ളം വിഷ്ണുപാദത്തിൽ ആറാട്ടിനായി ഭഗവാൻ ആനപ്പുറത്തേറി. പെരുമാൾ ഗ്രാമം, ഇരഞ്ഞിമന്ദം, പുളിമന്ദം, പുഴയ്ക്കൽ തറ ഭഗവതിമാരുടെ അനുഗ്രഹം വാങ്ങി വിഷ്ണുപാദത്തിൽ ആറാടാനായി പോകുമ്പോൾ ഗ്രാമവാസികൾ നിറപറയും നിലവിളക്കുമായി ഭഗവാനെ സ്വീകരിച്ചു.

കൊല്ലങ്കോട് ദേശത്തിന്റെ മഹോത്സവ കാഴ്ചകൾ കാണാൻ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. നാദവാദ്യമേളങ്ങളും നയന മനോഹരമായ ഉത്സവ കാഴ്ചകളും ഹൃദ്യമനോഹരമായി. ആറാട്ട് കടവിലെ സ്നാനത്തിന് ശേഷം മുതലിയാർ ഗണപതി ക്ഷേത്രത്തിൽ അന്തിയുറങ്ങി പുലർച്ചെ മൂലസ്ഥാനത്തെത്തി കുളത്തേരിൽ പ്രദക്ഷിണം വെച്ച് കുളത്തിൽ ആറാടി മഞ്ഞൾ നീരാട്ടിന് ശേഷം ദീപാരാധന നടത്തുന്നതോടെ ഈ വർഷത്തെ ആറാട്ടുമഹോത്സവത്തിന് സമാപനമാകും.