
പാലക്കാട്: ഗവേഷണത്തിന്റെ പുതിയ മേഖലകൾക്കൊപ്പം കൃഷിക്ക് സഹായമാകുന്ന പദ്ധതികളും സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ മുൻഗണന നൽകി പുതിയ ചുവടുവെയ്പ്പുമായി ഐ.ഐ.ടി (ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ടെക്‌നോളജി) പാലക്കാട്. ആരംഭിച്ച് എട്ടുവർഷത്തിൽ സ്വന്തം കാമ്പസും സാങ്കേതിക, അക്കാഡമിക് ഗവേഷണ രംഗങ്ങളിൽ മികച്ച നേട്ടങ്ങളും സ്വന്തമാക്കിയ ഐ.ഐ.ടിയിൽ നിരവധി പ്രൊജക്ടുകളാണ് തയാറാകുന്നത്. സംസ്ഥാന സർക്കാർ സഹകരണത്തോടെ 20 ഏക്കറിൽ ശാസ്ത്ര, സാങ്കേതിക ഗവേഷണ പാർക്കാണ് അതിൽ പ്രധാനം.
 നിർമിതബുദ്ധി അധിഷ്ഠിത തുള്ളിനന
കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൽ നിന്നുള്ള വിലയിരുത്തലനുസരിച്ച് മൊബൈൽ ഫോണിൽ തയാറാക്കിയ ഇടവേളകളിൽ സ്വയം നനയ്ക്കുന്ന സംവിധാനമാണിത്. ഓരോ കാർഷികവിളയ്ക്കുമനുസരിച്ച് മണ്ണിന്റെ ഈർപ്പം നിലനിർത്താൻ ആവശ്യാനുസരണം മാത്രം ഈ സംവിധാനം പ്രവർത്തിക്കും. ഓരോ വിളക്കനുസരിച്ചുമുള്ള വെള്ളത്തിന്റെ അളവ് കണ്ടെത്തി എ.ഐ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ് നന.
 സ്മാർട്ട് വെതർ സ്റ്റേഷനുകൾ
വെറുമൊരു കാലാവസ്ഥ നിരീക്ഷണകേന്ദ്രമല്ല, എ.ഐയുടെ സഹായത്താൽ പ്രവർത്തിക്കുന്ന സംവിധാനമാണിത്. ചൂടും മഴയും ഈർപ്പവും മറ്റും അറിയിക്കുക മാത്രമല്ല സെൻസറുകളുടെ സഹായത്തിൽ മണ്ണിനെപ്പറ്റിയും കാറ്റിനെപ്പറ്റിയും വെള്ളത്തെപ്പറ്റിയും ജലവിതരണ സംവിധാനത്തെപ്പറ്റിയുമൊക്കെയുള്ള വിവരങ്ങളടങ്ങിയവയാണ് ഈ നിരീക്ഷണകേന്ദ്രം. സോളാർ സെല്ലുകളുടെ സഹായത്തിൽ റീചാർജ് ബാറ്ററിയിലാണ് പ്രവർത്തനം. സെൻസറുകൾ വഴി എടുക്കുന്ന വിവരങ്ങൾ സ്ഥിരമായി മൊബൈൽ ഫോണിലെ ആപ്പിലേക്ക് എത്തിക്കുന്ന എളുപ്പം സ്ഥാപിക്കാവുന്ന സംവിധാനമാണിത്.
 റിമോട്ട് സെൻസിംഗ്
കർഷകർക്ക് ഉപകാരപ്പെടും വിധം സെൻസറുകൾ വഴി ഡാറ്റകൾ ശേഖരിച്ച് ഉപയോഗപ്പെടുത്തിയാണ് മണ്ണിലെ ഗുണപരതയും ഈർപ്പവും കണ്ടെത്തുന്നത്. മാത്രമല്ല ഡ്രോണുകൾ വഴി പ്രത്യേക രീതിയിലുള്ള പ്രകാശകിരണങ്ങൾ ഉപയോഗപ്പെടുത്തി കൃഷിയിടങ്ങളിലെ വിവിധ രാസഘടകങ്ങളുടെ കുറവ് മനസിലാക്കുകയും ചെയ്യുന്നു. അതിനാൽ അവശ്യം വേണ്ട സ്ഥലത്ത് മാത്രം കീടനാശിനികളും വളവിതരണവും നടത്തുകയെന്ന രീതി കർഷകർക്കും ഗുണം ചെയ്യുന്നു.
സാങ്കേതിക വിദ്യ കർഷകരിലെത്തിയാൽ മാത്രമേ പ്രതിസന്ധിയിലായ മേഖലയെ കൈപിടിച്ചുയർത്താനാകൂ. അടുത്തഘട്ടമായി വിവിധ വിളകൾ കാമ്പസിലെ എട്ട്‌പ്ലോട്ടുകളിലായി കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
ഡോ.ശ്രീനാഥ് വിജയകുമാർ,അസിസ്റ്റന്റ് പ്രൊഫസർ, പാലക്കാട് ഐ.ഐ.ടി.