ankanvadi

പാലക്കാട്: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കണവാടികളുടെ നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമിട്ട് തച്ചനാട്ടുകര പഞ്ചായത്ത്. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തൊടുകാപ്പ്, മണലംമ്പുറം, പാലോട് എന്നീ അങ്കണവാടികൾക്കാണ് സ്വന്തം കെട്ടിടം നിർമ്മിക്കുന്നത്. അഞ്ച് സെന്റ് വീതം സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള കെട്ടിടങ്ങളാണ് ഉയരുക. കെട്ടിടം നിർമ്മാണത്തിനായി തൊഴിലുറപ്പ്, സാമൂഹ്യനീതി വകുപ്പ്, ബ്ലോക്ക്ഗ്രാമ പഞ്ചായത്ത് എന്നിവ ഓരോ അങ്കണവാടിക്കും 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. തറകീറുന്നതുൾപ്പടെയുള്ള സാധിക്കുന്ന പ്രവൃത്തികൾ തൊഴിലുറപ്പ് ജീവനക്കാർ ചെയ്യും. സാധിക്കാത്തവ കരാർ നൽകും. തൊടുകാപ്പ് അങ്കണവാടിയുടെ കുറ്റിയടിക്കൽ തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തങ്കം മഞ്ചാടിക്കൽ അദ്ധ്യക്ഷയായി. ബ്ലോക്ക് മെമ്പർ കെ.പി. ബുഷ്റ, വാർഡ് അംഗം പി.ടി.സഫിയ തുടങ്ങിയവർ പങ്കെടുത്തു.