c

പാലക്കാട്: മോട്ടോർ വാഹന വകുപ്പ്, എക്‌സൈസ് ചെക്‌പോസ്റ്റുകളിൽ കാമറകൾ സ്ഥാപിച്ചതിന് പിന്നാലെ സംസ്ഥാനാതിർത്തിയിലെ മൃഗസംരക്ഷണ വകുപ്പ് ചെക്‌പോസ്റ്റുകളും നിരീക്ഷണ കാമറകളുടെ വലയത്തിലേക്ക്. ജില്ലയിലാണ് പദ്ധതി ആദ്യം നടപ്പാക്കുക.

മൃഗസംരക്ഷണ വകുപ്പിന് ഏറ്റവും കൂടുതൽ ചെക്‌പോസ്റ്റുകളുള്ളത് പാലക്കാടാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ കന്നുകാലികളും കോഴികളും അതിർത്തി കടന്നെത്തുന്നതും പാലക്കാട്ടെ ചെക്‌പോസ്റ്റുകൾ വഴിയാണ്. ഇവിടെ കാമറ വലയത്തിലാവുന്നതോടെ കൈക്കൂലി വാങ്ങൾ ഉൾപ്പെടെയുള്ള ക്രമക്കേടുകൾക്ക് അറുതിവരുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ജില്ലയിൽ വാളയാർ ഉൾപ്പടെ എട്ടു മൃഗസംരക്ഷണ ചെക്‌പോസ്റ്റുകളിലാണ് ആദ്യഘട്ടത്തിൽ കാമറകൾ സ്ഥാപിക്കുന്നത്. പൊതുമരാമത്ത് (ഇലക്‌ട്രോണിക്) വിഭാഗത്തിനാണ് ചുമതല. 22 ലക്ഷം രൂപയാണ് പദ്ധതി ചെലവ്.

വാളയാർ, കോഴിപ്പാറ, മീനാക്ഷിപുരം, മുതലമട, ഗോവിന്ദാപുരം, ചെമ്മണാംപതി, പരിശിക്കൽ, അട്ടപ്പാടി എന്നിവിടങ്ങളിലെ ചെക്‌പോസ്റ്റുകളിലാണ് കാമറ സ്ഥാപിക്കുന്നത്. പദ്ധതിക്കായുള്ള ദർഘാസ് നടപടി ആരംഭിച്ചു. സാങ്കേതികാനുമതി പൂർത്തിയാകുന്നതോടെ പ്രവൃത്തി ആരംഭിക്കും.

അടുത്ത ഘട്ടത്തിൽ കാസർഗോഡ്, കൊല്ലം ജില്ലകളിലെ ചെക്‌പോസ്റ്റുകളിലാണ് പദ്ധതി നടപ്പാക്കുക. ഒരു ചെക്‌പോസ്റ്റിൽ രണ്ട് കാമറകളും ഓഫീസിൽ ഒരു കാമറയുമുണ്ടാകും. ഇവ 24 മണിക്കൂറും പ്രവർത്തിക്കും. കാമറകളുടെ നിയന്ത്രണം പാലക്കാട്ടെ മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ഓഫീസിന് കീഴിലാകും.

കന്നുകാലികളും കോഴിയുൾപ്പടെ എത്തുന്ന വാഹനങ്ങൾ പലതും ചെക്‌പോസ്റ്റുകളിൽ കൈക്കൂലി നൽകി പോവുന്ന സ്ഥിതിയുണ്ട്. ഓരോ ഇനത്തിനും പ്രത്യേകം പ്രവേശന ഫീസ് നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും പാലിക്കാതെ കൈക്കൂലി വാങ്ങി പരിശോധനയില്ലാതെ അതിർത്തി കടത്തുകയാണ് അധികൃതർ. ഇതുമൂലം സർക്കാറിന് പ്രതിവർഷം കോടികളുടെ നികുതി നഷ്ടമാണുണ്ടാകുന്നത്.

കഴിഞ്ഞ ദിവസം ഗോപാലപുരം ചെക്‌പോസ്റ്റിൽ നിന്ന് കൈക്കൂലിപ്പണമായി 14000 രൂപ പിടിച്ചിരുന്നു. അതിർത്തി കടന്നെത്തുന്ന വാഹനങ്ങളിൽ നിന്നുള്ള പണപ്പിരിവും കൈക്കൂലി വാങ്ങലുമെല്ലാം സംസ്ഥാനത്തെ ചെക്‌പോസ്റ്റുകളിൽ തുടർക്കഥയാണ്. വല്ലപ്പോഴും സ്ക്വാഡുകളുടെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തുമെങ്കിലും നാളുകൾ കഴിഞ്ഞാൽ എല്ലാം പഴയപടിയാവും. എന്നാൽ എക്‌സൈസ്, മോട്ടോർ വാഹന വകുപ്പ് ചെക്‌പോസ്റ്റുകൾക്ക് പിന്നാലെ മൃഗസംരക്ഷണ ചെക്‌പോസ്റ്റുകൾ കൂടി കാമറ വലയത്തിലാവുമ്പോൾ അഴിമതി ഇല്ലാതായി സർക്കാരിന് വരുമാന വർദ്ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉന്നത ഉദ്യോഗസ്ഥർ.