
മണ്ണാർക്കാട്: ചങ്ങലീരി മല്ലിയിൽ ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ രണ്ടു വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു. അകാലത്തിൽ മരിച്ച മല്ലിയിലെ യൂസഫിന്റെ ആശ്രിതരായ രണ്ട് കുടുംബങ്ങൾക്കാണ് വീടുകൾ നൽകിയത്.
യൂസഫ് കുടുംബ സഹായ നേതൃത്വ സമിതിയുടെ നേതൃത്വത്തിൽ കൂട്ടായ ശ്രമമാണ് വിജയം കണ്ടത്. കഷ്ടപ്പാടുകൾ മറ്റുള്ളവരെ അറിയിക്കാതെ ജീവിച്ച യൂസഫ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. തുടർന്ന് സുഹൃത്തുക്കളും നാട്ടുകാരും കുടുബത്തെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രമുഖ വ്യവസായിയും മുല്ലാസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ഷാജി മുല്ലപ്പള്ളി ഏഴുലക്ഷം രൂപ നൽകി. തുടർന്ന് സമിതി അംഗങ്ങളും നാട്ടുകാരും ഒറ്റക്കെട്ടായി നടത്തിയ ശ്രമഫലമായി പത്തുലക്ഷം വീതം ചെലവിൽ രണ്ട് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി.
വീടുകളുടെ താക്കോൽദാനം ഡിവൈ.എസ്.പി വി.എ.കൃഷ്ണദാസും മുല്ലാസ് ഷാജിയും ചേർന്ന് നിർവഹിച്ചു. സഹായസമിതി ചെയർമാൻ കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കൺവീനർ പി.കൃഷ്ണകുമാർ, ട്രഷറർ റഷീദ് മല്ലിയിൽ, ഖാസി അനസ് അൻവരി, പോർക്കൊരിക്കൽ ഭഗവതി ക്ഷേത്രം മേൽശാന്തി അനീഷ് ശർമ, ഫാ.ഫ്രെഡി, പഞ്ചായത്തംഗം സിദ്ദീഖ് മല്ലിയിൽ, സമിതി രക്ഷാധികാരി അസീസ് പച്ചീരി, സമിതി അംഗങ്ങളായ റഷീദ് പച്ചീരി, എൻ.അജീഷ്‌കുമാർ, ഉമ്മർ മല്ലിയിൽ, മുഹമ്മദാലി പച്ചീരി, റഹിം ഹാജി മല്ലിയിൽ, ഹരിദാസൻ കിണറത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് സ്‌നേഹവിരുന്നും ഒരുക്കി.