
പാലക്കാട്: നഗരസഭയുടെ പുതിയ ചെയർപേഴ്സണായി ബി.ജെ.പിയുടെ പ്രമീള ശശിധരൻ തിരഞ്ഞെടുക്കപ്പെട്ടു. 52 അംഗ കൗൺസിലിൽ 28 വോട്ടുകൾക്കാണ് പ്രമീള ജയിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി മിനിബാബു 17 വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥി ഉഷ രാമചന്ദ്രൻ ഏഴ് വോട്ടും നേടി. 52 അംഗ നഗരസഭയിൽ ബി.ജെ.പി 28, യു.ഡി.എഫ് 16, എൽ.ഡി.എഫ് 7, വെൽഫയർ പാർട്ടി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
ബി.ജെ.പിയിലെ അസ്വാരസ്യങ്ങളെ തുടർന്ന് കഴിഞ്ഞ മാസം നഗരസഭാദ്ധ്യക്ഷ സ്ഥാനം 46ാം വാർഡ് കൗൺസിലറായ പ്രിയ അജയൻ രാജിവെച്ചിരുന്നു. തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ചെയർപേഴ്സന്റെയും വൈസ് ചെയർമാന്റെയും നേതൃത്വത്തിൽ രണ്ടുവിഭാഗമായാണ് നഗരസഭയിൽ പ്രവർത്തിച്ചിരുന്നത്. അഴിമതിയും പോരും രൂക്ഷമായതോടെയാണ് ബി.ജെ.പി ജില്ലാ നേതാക്കൾ ഇടപെട്ട് പ്രിയയെ രാജിവെപ്പിച്ചത്.
ഇന്നലെ തിരഞ്ഞെടുപ്പ് വേളയും വിഭാഗീയത നിഴലിച്ചിരുന്നു. രാവിലെ പത്തിനാണ് ബി.ജെ.പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
പ്രമീളയുടെ ചെയർപേഴ്സൻ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് ഒരുവിഭാഗം വിട്ടുനിൽക്കാനുള്ള നീക്കത്തെ തുടർന്നാണ് സ്ഥാനാർത്ഥിയെ വൈകി പ്രഖ്യാപിക്കാനിടയായത്. മുൻ ഉപാദ്ധ്യക്ഷനും ബി.ജെ.പി സംസ്ഥാന നേതാവുമായ സി.കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാറിനെ ചെയർപേഴ്സനാക്കണമെന്ന വാദവുമായി ഒരുവിഭാഗം രംഗത്തെത്തിയെങ്കിലും ജില്ലാ നേതൃത്വം അത് ഗൗനിച്ചില്ല. 2015-20 കാലഘട്ടത്തിൽ ചെയർപേഴ്സണായിരുന്ന പ്രമീള വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ വരും ദിവസങ്ങളിൽ ബി.ജെ.പിയിലെ കലഹം രൂക്ഷമാകുമെന്ന് സൂചനയുണ്ട്.
രാവിലെ 11നാണ് വരണാധികാരിയായ എക്കണോമിക്സ് ആന്റ് സ്റ്റാസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ സിനി കാസിമിന്റെ നേതൃത്വത്തിൽ തിരെഞ്ഞടുപ്പ് നടപടി തുടങ്ങിയത്. രഹസ്യ വോട്ടെടുപ്പായിരുന്നു. ഓരോ കൗൺസിലരുമാരും അവരുടെ പേരടങ്ങിയ ബാലറ്റ് വോട്ട് രേഖപ്പെടുത്തി പെട്ടിയിൽ നിക്ഷേപിച്ചു. തുടർന്ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുകയായിരുന്നു. ചെയർപേഴ്സൺ സ്ഥാനത്തേക്ക് വിജയിച്ച പ്രമീള ശശിധരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടുനിന്നു.