mango

മുതലമട: കാലാവസ്ഥ വ്യതിയാനവും തേനടിയും കീടശല്യവും മൂലം പ്രതിസന്ധിയിലായിരിക്കുകയാണ് മുതലമടയിലെ മാങ്ങ കർഷകർ. സാധാരണഗതിയിൽ ജനുവരി പകുതിയോടെ വിളവെടുക്കുന്ന മാവുകൾ ഇക്കുറി കർഷകരെ ആശങ്കയിൽ ആക്കിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാങ്ങയുടെ ഉൽപാദനത്തിൽ വൻ കുറവാണ് മുതലമടയിൽ. 600 കോടി മുതൽ 1000 കോടി രൂപവരെ വിറ്റു വരവ് ഉണ്ടായിരുന്ന മാങ്ങകൃഷി ഇപ്പോൾ താളം തെറ്റി ഇരിക്കുകയാണ്. ഇതിനു പ്രധാന കാരണമായി കർഷകർ കാണുന്നത് കീടശല്യവും പ്രതികൂല കാലാവസ്ഥയുമാണ്.

ഇപ്രാവശ്യം നവംബർ പകുതിയോടെതന്നെ മാവുകൾ പൂക്കുകയും തളിരിടുകയും ചെയ്തിരുന്നു. ഇത് കർഷകർക്ക് പ്രതീക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഡിസംബർ പകുതിയോടുകൂടി ഇവ കൊഴിഞ്ഞു പോവുകയും കരിയുകയും ചെയ്തിരുന്നു. അതിനുശേഷം പൂത്ത പൂവിനെ പരിചരിച്ചെങ്കിലും ഭൂരിഭാഗവും കൊഴിഞ്ഞുപോവുകയും കീടശല്യം മൂലം നശിക്കുകയും ചെയ്തിരിക്കുകയാണ്. അതിർത്തി പ്രദേശമായ ചെമ്മാണാംപതി മുതൽ എലവഞ്ചേരി വരെയുള്ള ഒട്ടുമിക്ക മാവിൻ തോട്ടങ്ങളിലും സമാന സ്ഥിതി തന്നെയാണ്.

സാധാരണഗതിയിൽ ജനുവരിയിൽ വിളവെടുക്കുന്ന മാങ്ങകൾക്കാണ് വിപണിയിൽ മൂല്യം. ഇന്ത്യയിൽ മാങ്ങയുടെ വിപണിയിൽ ആദ്യം എത്തുന്നത് മുതലമടയിലെ മാങ്ങകൾ ആണെന്നതിനാൽ ഇവിടത്തെ മാങ്ങുകൾക്ക് മാർക്കറ്റിൽ പ്രത്യേക സ്ഥാനംതന്നെയുണ്ട്.

തിരിച്ചടിയായി അനിയന്ത്രിത കീടനാശിനി പ്രയോഗം
മുൻവർഷങ്ങളിലെ അനിയന്ത്രിത കീടനാശിനി പ്രയോഗമാകാം തേനടിക്കും പുതിയ കീടങ്ങളുടെ കടന്നുവരവിനും കാരണമെന്നും കർഷകർ സംശയിക്കുന്നു. ഇതിനെതിരെ വിപണിയിൽ ലഭ്യമായ ഒട്ടുമിക്ക കീടനാശിനികൾ പ്രയോഗിച്ചിട്ടും ഫലം ഇല്ലെന്നാണ് വാദം. കൂടാതെ കൃഷി വകുപ്പും മറ്റ് സർക്കാർ സംവിധാനങ്ങളും ഈ പ്രതിസന്ധിക്ക് പ്രതിവിധികൾ ഒന്നും കാണുന്നില്ല. ഈ സ്ഥിതി തുടർന്നാൽ മുതലമട മാങ്ങ അന്യംനിന്നു പോകാൻ അധികം സമയം വേണ്ടിവരില്ലെന്നാണ് കർഷകർ ഒന്നടങ്കം പറയുന്നത്.