
കടമ്പഴിപ്പുറം: ഒന്ന്, രണ്ട് വില്ലേജുകൾ ഉൾപ്പെടുന്ന സ്ഥലത്തെ നെൽവയലുകൾ നികത്തി പാടശേഖരങ്ങളിൽ തെങ്ങ്, കവുങ്ങ് എന്നിവ വച്ച് പിടിപ്പിച്ചു കൊണ്ട് നെൽകൃഷി ചെയ്യാൻ കഴിയാതെ തടസമുണ്ടാക്കുന്നു എന്ന പരാതിയിൽ ഒറ്റപ്പാലം സബ്കളക്ടർ മിഥുൻ പ്രേംരാജ് സ്ഥലം പരിശോധിച്ചു.
കടമ്പഴിപ്പുറം വില്ലേജ് ഓഫീസിത്തിലെത്തിയ സബ് കളക്ടർ വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, എൽ.എൽ.എം.സി മെമ്പർ എന്നിവർക്കൊപ്പമാണ് പ്രദേശം സന്ദർശിച്ചത്. ജില്ലാ കളക്ടർ നിലം പൂർവസ്ഥിതിയിൽ ആക്കാൻ ഉത്തരവിട്ട മൂന്ന് സ്ഥലങ്ങൾ ഉൾപ്പടെ സബ്കളക്ടർ സന്ദർശിച്ചു. നിയമ ലംഘനങ്ങൾ നടത്തിയിട്ടുള്ള മുഴുവൻ നെൽവയലുകളും പൂർവസ്ഥിതിയിലാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. സബ് കളക്ടർക്കൊപ്പം വില്ലേജ് ഓഫീസർമാരായ സുമേഷ്, സവിത, ഡപ്യൂട്ടി തഹസീൽദാർ വിജയഭാസ്‌കർ, കൃഷി ഓഫീസർ വാസുദേവൻ, സുനിൽ അമ്പാട്ട് എന്നിവർ ഒപ്പമുണ്ടായിരുന്നു.