nellu

പാലക്കാട്: ജില്ലയിലെ നെൽകർഷകർക്ക് തെല്ലൊരാശ്വാസം, ഒന്നാംവിള നെല്ലുവില കർഷകർക്ക് വിതരണം ചെയ്യാനായി സപ്ലൈക്കോയ്ക്ക് 320 കോടിരൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. കർഷകരുടെ പട്ടിക ബാങ്കുകൾക്ക് നൽകുന്ന നടപടിക്രമം പൂർത്തിയാക്കി, ഈ മാസം 16 മുതൽ തുക കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ പാഡി പ്രൊക്വർമെന്റ് മാനേജർ ബേബി കാസ്‌ട്രോ എന്നിവരുമായി കഴിഞ്ഞദിവസം നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനമെന്ന് കെ.ഡി.പ്രസേനൻ എം.എൽ.എ. അറിയിച്ചു.

ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വായ്പയായി ലഭിച്ച 150 കോടി രൂപയാണ് ഇതുവരെ വിതരണം ചെയ്തത്. 320 കോടി രൂപകൂടി ലഭിച്ചതോടെ ഒന്നാംവിള നെല്ല് സംഭരണത്തിലെ തുക വിതരണത്തിലെ പ്രതിസന്ധി മാറി. സംസ്ഥാനത്താകെ 450 കോടി രൂപയാണ് ഒന്നാംവിള നെല്ലു സംഭരണത്തിന് വിലയായി നൽകേണ്ടത്. 150 കോടിയിൽ ജില്ലയ്ക്ക് ലഭിച്ചത് 75 കോടിയായിരുന്നു. ഈ തുക പൂർണമായി വിതരണം ചെയ്തു.

ഡിസംബർ 21 വരെ 11,222 കർഷകരുടെ അക്കൗണ്ടിലേക്ക് 74.2 കോടി രൂപ നൽകി. 39 മില്ലുകളാണ് നെല്ലെടുത്തത്.

ജില്ലയിൽ ഒന്നാംവിള സംഭരണം 99 ശതമാനം പൂർത്തിയായി. 65,092 മെട്രിക് ടൺ നെല്ലളന്നു. 183.56 കോടി രൂപയാണ് ജില്ലയിലെ കർഷകർക്ക് ലഭിക്കേണ്ടത്. കൺസോർഷ്യത്തിൽ ഉൾപ്പെടുന്ന എസ്.ബി.ഐ, കനറാ ബാങ്കുകളിൽ 95 ശതമാനം കർഷകരും അക്കൗണ്ട് എടുത്തെന്നാണ് സപ്ലൈകോയുടെ കണക്ക്. അതിനാൽ കഴിഞ്ഞ രണ്ടാംവിളക്കാലത്ത് ഉണ്ടായ പുതിയ അക്കൗണ്ട് തുറക്കൽ പോലുള്ള കാലതാമസം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ.