
പാലക്കാട്: അർഹതയുള്ള ആരും തന്നെ വോട്ടർ പട്ടികയിൽ നിന്നും യാതൊരു കാരണവശാലും ഒഴിവായിപ്പോകാൻ പാടില്ലെന്നും അനർഹരായവർ വോട്ടർ പട്ടികയിൽ ഉൾക്കൊള്ളരുതെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ ഡോ. എസ്.ചിത്ര. 2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ജില്ലയിലെ ബൂത്ത് ലവൽ ഓഫീസർമാരുടെ യോഗത്തിൽ ബൂത്ത് ലെവൽ ഓഫീസർമാരുടെ ചുമതല സംബന്ധിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. ബി.എൽ.ഒമാർ അവരവരുടെ പോളിംഗ് സ്റ്റേഷന്റെ പരിധിയിൽ താമസിക്കുന്ന അർഹരായ എല്ലാവരും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. കുറ്റമറ്റ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഏറ്റവും അത്യന്താപേക്ഷിതമായ രേഖയാണ് വോട്ടർപട്ടിക. അതിനാൽ ഏറ്റവും സംശുദ്ധമായ തെറ്റില്ലാത്ത വോട്ടർ പട്ടികയാണ് അതാത് ബൂത്തുകളിൽ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് ബി.എൽ.ഒമാർ ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.
22ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷവും എന്തെങ്കിലും കാരണവശാൽ അർഹരായവർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ അതത് ബി.എൽ.ഒമാർ മുൻകൈയെടുത്ത് ആ വ്യക്തികളുടെ പേര് ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണം. അതത് ബൂത്ത് പരിധിയിൽ ഉൾപ്പെട്ട 18 - 19 വയസ് പ്രായമുള്ള എല്ലാ യുവതീയുവാക്കളെയും പട്ടികയിൽ ചേർത്ത് വോട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ എല്ലാ ബി.എൽ.ഒമാരും ശ്രമിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. ബി.എൽ.ഒമാരുടെ ക്ഷേമം സംബന്ധിച്ച് കമ്മിഷന്റെ ഭാഗത്തുനിന്നും തീരുമാനം എടുക്കേണ്ട കാര്യങ്ങൾ കമ്മിഷന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ പി. സുനിൽകുമാർ, പാലക്കാട് തഹസിൽദാർ വി. സുധാകരൻ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി തഹസിൽദാർ കെ.പി മണികണ്ഠൻ, ജില്ലാ തിരഞ്ഞെടുപ്പ് അസിസ്റ്റന്റ് പി.എ. ടോംസ്, തിരഞ്ഞെടുപ്പ് അസിസ്റ്റന്റ് കെ.വി അനീഷ് എന്നിവർ പങ്കെടുത്തു.