
പാലക്കാട്: മധുര - തിരുവനന്തപുരം അമൃത എക്സ്പ്രസ് രണ്ടു മാസത്തിലേറെയായി വൈകിയോടുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ. അമൃത എക്സ്പ്രസ് പാലക്കാട് നിന്നും യാത്ര പുറപ്പെടുന്നത് രണ്ടു മണിക്കൂർ വൈകിയാണ്. പറളി – മങ്കര ഭാഗത്തു ട്രാക്ക് അറ്റകുറ്റപ്പണിയും സ്ലീപ്പറുകളുടെ മാറ്റവുമാണ് വൈകിയോട്ടത്തിന് കാരണം. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാലക്കാട് നിന്ന് 40 മിനുട്ട് വൈകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ദിവസവും വൈകിയാണ് പുറപ്പെടുന്നത്. റെയിൽവയുടെ ഔദ്യോഗിക ആപ്പ് എൻ.ടി.ഇ.എസിലും പാലക്കാട് നിന്ന് പുറപ്പെടുന്ന സമയക്രമം കൃത്യമായി അറിയിക്കാറില്ല. പാസഞ്ചർ ഉൾപ്പെടെ മറ്റെല്ലാ ട്രെയിനുകളും പ്രവൃത്തിയുടെ പേരിൽ പിടിച്ചിടാതെ സമയത്ത് കടത്തിവിടുമ്പോൾ അമൃത മാത്രമാണ് മണിക്കൂറോളം രാത്രിയിൽ പിടിച്ചിടുന്നത്. ട്രെയിൻ പുറപ്പെടുമ്പോൾ മാത്രമാണ് സമയം അപ്‌ഡേറ്റ് ചെയ്യുന്നത്. പഴിണിയിലെ തീർത്ഥാടകരെ കൊണ്ടും, തിരുവനന്തപുരം ആർ.സി.സിയ്ക്കുള്ള രോഗികളെ കൊണ്ടും ട്രെയിൻ മിക്ക ദിവസങ്ങളിലും നല്ല തിരക്കായിരിക്കും.
ഇനിയും എത്രനാൾ കാത്തിരിക്കണം
പണി നടക്കുന്നതിനാൽ ഡിസംബർ ഒന്നുമുതൽ 31 വരെ ആഴ്ചയിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ട്രെയിനുകൾ വൈകുമെന്നു റെയിൽവേ അറിയിച്ചിരുന്നു. എന്നാൽ 31 നു ശേഷം വൈകുന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നുമില്ല. പണി നടക്കുന്ന സമയത്തെക്കുറിച്ച് അധികൃതർക്കിടയിലും ആശയക്കുഴപ്പമുണ്ട്. ഈ റൂട്ടിൽ, ട്രെയിനുകൾക്ക് ഇടവേളയുള്ള വൈകിട്ട് ആറുമുതൽ 10 വരെയുള്ള സമയത്താണു നിർമ്മാണം നടത്തേണ്ടത്. എന്നാൽ 10 നു ശേഷവും ഇതു നീളുന്നതാണ് പ്രശ്നങ്ങൾക്കു കാരണം. ഒലവക്കോട് ജംഗ്ഷനിൽ നിന്നു രാത്രി 9നു പുറപ്പെടേണ്ട അമൃത കഴിഞ്ഞദിവസം രണ്ടര മണിക്കൂർ വൈകിയാണു പോയത്.
ഹ്രസ്വദൂര യാത്രക്കാർ വെട്ടിലായി
പാലക്കാട് ജങ്ഷനിലെത്തുന്ന ഹ്രസ്വദൂര യാത്രക്കാർ മാസങ്ങളായി കുടുങ്ങാറാണ് പതിവ്. ഒറ്റപ്പാലത്തെയും തൃശൂരിലെയും യാത്രക്കാരാണ് കൂടുതലും ദുരിതമനുഭവിക്കുന്നത്. വൈകീട്ട് 4.10ന് മധുരയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ 7.50ന് പാലക്കാട് ടൗണിലെത്തും. 7.55ന് പാലക്കാട് ടൗണിൽനിന്ന് പുറപ്പെട്ട് 8.30ന് പാലക്കാട് ജംഗ്ഷനിലെത്തുന്ന രീതിയിലാണ് സമയക്രമം.
എന്നാൽ പാലക്കാട് ടൗണിൽ നിന്നും അഞ്ചുകിലോമീറ്ററിൽ താഴെ ദൂരമുള്ള ജംഗ്ഷനിലേക്ക് അഞ്ച് മിനുട്ടിൽ ട്രെയിനെത്തും. ഇവിടെ നിന്ന് എൻജിൻ ദിശ മാറ്റിയശേഷം 8.55നാണ് പുറപ്പെടേണ്ടത്. പാലക്കാട് നഗരത്തിലെയും കോയമ്പത്തൂരിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഏറെ സൗകര്യമായിരുന്നു ഈ ട്രെയിൻ. 9.33ന് ഒറ്റപ്പാലത്ത് എത്തുന്നവർക്ക് ഷൊർണൂർ, പട്ടാമ്പി എന്നിവിടങ്ങളിലേക്ക് 9.45ന് ഒറ്റപ്പാലത്തു നിന്ന് ബസ് ലഭിക്കും. രാത്രി പറളിയിൽ പിടിച്ചിടുകയും 30 മുതൽ രണ്ടു മണിക്കൂർ വരെ വൈകി ഓടുകയും ചെയ്യുന്നതിനാൽ ഈ സൗകര്യങ്ങളെല്ലാം ഇല്ലാതാക്കുകയാണെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.