railway
ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫ് ഓർഗനൈസേഷൻ പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസിനു മുന്നിൽ നടത്തിയ ധർണ ദേശീയ ജനറൽ സെക്രട്ടറി ഡോ. ഹേമന്ത് സോണി ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: സാധാരണക്കാർക്ക് മികച്ച യാത്ര സൗകര്യങ്ങൾ ഒരുക്കുന്നതിലും ജീവനക്കാർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുന്നതിലും റെയിൽവേ ഭരണകൂടം പരാജയപ്പെട്ടിരിക്കുകയാണ് എന്നും 'റെയിൽവേ ശുഭയാത്ര' എന്ന പ്രയോഗത്തിന്റെ പ്രസക്തി നഷ്ടമായി കൊണ്ടിരിക്കുകയാണെന്നും ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫ് ഓർഗനൈസേഷൻ ദേശീയ ജനറൽ സെക്രട്ടറി ഡോ. ഹേമന്ത് സോണി പറഞ്ഞു. ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാൻ പോകുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസിനു മുന്നിൽ നടത്തിയ ടിക്കറ്റ് പരിശോധകരുടെ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഓർഗനൈസേഷൻ ദേശീയ വൈസ് പ്രസിഡന്റ് എസ് എം എസ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ലോകേഷ് റാവു, ജോയിന്റ് സെക്രട്ടറി എ അനിൽകുമാർ, ഓർഗനൈസിങ് സെക്രട്ടറി വി രാജേഷ്, ഡിവിഷൻ പ്രസിഡണ്ട് കെ അജി ജോസഫ്, സെക്രട്ടറി കെ സജിത് വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികളായ കെ ഉദയ ഭാസ്‌കരൻ,വി സുജിത്ത്, വി.ഉണ്ണികൃഷ്ണൻ, ആർ ലിജു, എൻ വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.


എയർ കണ്ടിഷനിംഗ് സൗകര്യങ്ങൾ ഉൾപ്പടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള വിശ്രമമുറികൾ അനുവദിക്കുവാനുള്ള റയിൽവേ ബോർഡ് നിർദേശം നടപ്പിലാക്കുക, വനിതാ ടിക്കറ്റ് പരിശോധകർക്കു ആധുനിക വിശ്രമ മുറികൾ സജ്ജമാക്കുക, വർധിച്ചു വരുന്ന ട്രെയിൻ സർവീസുകൾക്കും കോച്ചുകൾക്കും ആനുപാതികമായി തസ്തികകൾ അനുവദിക്കുക എന്നിവയായിരുന്നു ധർണയിൽ ഉന്നയിച്ച സുപ്രധാന ആവശ്യങ്ങൾ.