millet

അതെ അട്ടപ്പാടി ഇനി പഴയ അട്ടപ്പാടി അല്ല. മില്ലറ്റ് വിപ്ലവം തീർത്ത് മുന്നേറുകയാണ് അട്ടപ്പാടിയിലെ ആദിവാസി ഊരുകൾ. അട്ടപ്പാടിയുടെ ജീവിതരീതിയിൽ തന്നെ മാറ്റങ്ങൾ കൊണ്ടുവന്നതിൽ മില്ലറ്റ് പദ്ധതിക്ക് സവിശേഷ പ്രാധാന്യമുണ്ട്. കഴിഞ്ഞ കാലങ്ങളിൽ കൃഷി ഉപേക്ഷിച്ച പലരും തിരിച്ച് കൃഷിയിലേക്ക് എത്തിയതിന് കാരണവും മില്ലറ്റ് പദ്ധതിയാണ്. 2023ൽ ബെസ്റ്റ് മില്ലറ്റ് പ്രമോഷന്റെ സ്റ്റേറ്റ് അവാർഡ് കേരളത്തിന് ലഭിച്ചതിൽ നിർണായക സ്വാധീനം അട്ടപ്പാടിയുടേതായിരുന്നു.

നിലവിൽ അട്ടപ്പാടി മേഖലയിൽ മില്ലറ്റ് കൃഷി സജീവമാണ്. 2017ൽ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് അട്ടപ്പാടി മേഖലയിൽ 150 ഏക്കറോളമാണ് മില്ലറ്റ് കൃഷി ഉണ്ടായിരുന്നത്. നിലവിൽ ഒരു സീസണിൽ ഏകദേശം 2500 ഏക്കറോളം മില്ലറ്റ് കൃഷി ചെയ്യുന്നുണ്ട്. ഒരുവർഷം രണ്ട് സീസണുകളാണുള്ളത്. ഏപ്രിൽ - മേയ് മാസം മുതൽ ആഗസ്റ്റ്‌ - സെപ്തംബർ വരെ ഒന്നാം സീസണും സെപ്തംബർ - ഒക്ടോബർ മുതൽ ഡിസംബർ - ജനുവരി വരെ രണ്ടാം സീസണുമാണ്. പ്രാരംഭഘട്ടത്തിൽ 40 ഊരുകളിൽ ആരംഭിച്ച പദ്ധതി നിലവിൽ 97 ഊരുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഒരു സീസണിൽ ശരാശരി 250 ടണ്ണോളം മില്ലറ്റ്സ് ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ 40 ടണ്ണോളം പയർവർഗങ്ങളും ഉത്പാദിപ്പിക്കുന്നുണ്ട്.


ഒരു വർഷം രണ്ട് സീസണുകളിലായി 2500 എക്കറിൽ മില്ലറ്റ് കൃഷിചെയ്യുന്നതിൽ കൂടുതലും റാഗിയും ചാമയുമാണ്. പുറമെ കുതിരവാലി, കമ്പ്, മണിച്ചോളം എന്നിവയും കൃഷി ചെയ്തുവരുന്നു. ആദിവാസി മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി കാർഷിക കർഷകക്ഷേമ വകുപ്പിന്റെയും പട്ടികവർഗ വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലുമായി ആരംഭിച്ച ചെറുധാന്യ കാർഷിക പദ്ധതിയാണ് മില്ലറ്റ് ഗ്രാമം പദ്ധതി. ആദിവാസി വിഭാഗത്തിന്റെ പരമ്പരാഗത കൃഷിരീതി വീണ്ടെടുക്കുക, അട്ടപ്പാടി ജനതയുടെ തനത് ഭക്ഷണമായ മില്ലറ്റ് ആഹാരത്തിൽ ഉൾപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഓർഗാനിക് സർട്ടിഫിക്കേഷൻ പദവി

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പും പട്ടികവർഗ വികസന വകുപ്പും സംയുക്തമായി 2017-20 വർഷങ്ങളിൽ നടപ്പാക്കിയ മില്ലറ്റ് വില്ലേജ് പദ്ധതിയിലൂടെ 40 ഊരുകളിലെ 926 ചെറുധാന്യ കർഷകരുടെ 741.97 ഹെക്ടർ കൃഷിഭൂമിക്ക് ഓർഗാനിക് സർട്ടിഫിക്കേഷൻ പദവി നേടിയെടുക്കാൻ കഴിഞ്ഞു. 350 ഹെക്ടറിനായുള്ള സർട്ടിഫിക്കേഷൻ നടപടികൾ തുടരുകയാണ്. കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡ്ര്ക്സ് എക്സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിട്ടിയുടെ കേരളത്തിലെ ജൈവ സർട്ടിഫിക്കേഷൻ ഏജൻസി ആയ ഇൻഡോസെർട്ട് മുഖേനയാണ് ഓർഗാനിക് സർട്ടിഫിക്കേഷൻ ലഭിച്ചത്. സർട്ടിഫിക്കേഷൻ ലഭിക്കുന്നതോടെ കർഷകരുടെ ഉത്പന്നങ്ങൾ ജൈവ ലേബലിൽ വിദേശത്തേക്കുൾപ്പെടെ കയറ്റുമതി ചെയ്യാൻ സാധിക്കും.

സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങൾ

നാഷണൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷൻ (എൻ.പി.ഒ.പി) സ്റ്റാൻഡേർഡ് അനുസരിച്ചാണ് ഓർഗാനിക് സർട്ടിഫിക്കേഷൻ നൽകുന്നത്. ഓർഗാനിക് സർട്ടിഫിക്കേഷനായി പൂർണമായും കെമിക്കൽ രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കിയുള്ള കൃഷിരീതി അവലംബിച്ചിരിക്കണം. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിലായിരിക്കണം കൃഷി ചെയ്യേണ്ടത്. സമീപത്തെ കൃഷിയിടങ്ങളിൽനിന്നോ മറ്റ് മാർഗങ്ങളിൽനിന്നോ മലിനീകരണം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ജൈവവളങ്ങൾ ഉപയോഗിച്ച് മണ്ണിനെ പരിപോഷിപ്പിക്കുക, പാരിസ്ഥിതിക സന്തുലിതാവസ്ഥ്ക്ക് അനുസൃതമായി കാർഷിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക എന്നതിൽ ഊന്നിയാണ് ജൈവ സർട്ടിഫിക്കേഷൻ നൽകുന്നത്. സർട്ടിഫിക്കേഷന്റെ അംഗീകൃത ഏജൻസി കൃഷിയിടം സന്ദർശിച്ച് പരിശോധന നടത്തും. വാർഷിക ഓഡിറ്റാണ് ഉണ്ടാകുക. ആദ്യമായി സർട്ടിഫിക്കേഷന് വരുമ്പോൾ മൂന്നു വർഷത്തെ തുടർച്ചയായ പരിശോധനയാണ് നടത്തുക.


ഭൗമ സൂചിക പദവി

ഒരു ഉത്പന്നത്തിന്റെ ഗുണമേന്മ അത് ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോട് ബന്ധപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ അത്തരത്തിൽ ആ ഉത്പന്നത്തെ തിരിച്ചറിയാൻ വേണ്ടിയാണ് ഭൗമസൂചിക പദവി നൽകുന്നത്. മികച്ച ഗുണനിലവാരവും ഉത്പന്നത്തിന്റെ മൗലികസ്വഭാവവുമാണ് അതിന്റെ മാനദണ്ഡം. ഇന്ത്യയിൽ നാനൂറിൽപരം തനത് ഉത്പന്നങ്ങളാണ് ഇതുവരെ ഭൗമസൂചിക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. പത്ത് വർഷത്തേക്കാണ് ഭൗമസൂചിക പദവി നൽകുക. പിന്നീട് പുതുക്കി നൽകും.

ഹെക്ടറിന് 12,000 രൂപ സബ്സിഡി
2020ലെ റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 7.99 കോടി ചെലവിലാണ് മില്ലറ്റ് വില്ലേജ് പദ്ധതി പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. മില്ലറ്റ് കൃഷിക്കായി കർഷകർക്ക് ഹെക്ടറിന് 12,000 രൂപ എന്ന നിരക്കിൽ സബ്സിഡി നൽകുന്നുണ്ട്. അട്ടപ്പാടിക്കാരുടെ ജീവിതരീതിയിൽ തന്നെ മാറ്റം വരുത്താൻ മില്ലറ്റ് വില്ലേജ് പദ്ധതിക്ക് സാധിച്ചുവെന്ന് മാത്രമല്ല കൃഷി ഉപേക്ഷിച്ച പലരും കൃഷിയിലേക്ക് തിരിച്ചെത്തുന്നതായി മില്ലറ്റ് വില്ലേജ് കൃഷി ഓഫീസർ ടി.കെ രജിത്ത് പറയുന്നു.മില്ലറ്റ് കൃഷിരീതിയെ കുറിച്ച് പഠിക്കാൻ വിദ്യാർത്ഥികളും കർഷകരും ഗവേഷകരും ഉൾപ്പെടെ നിരവധി പേർ അട്ടപ്പാടിയിൽ എത്തുന്നുണ്ട്. മില്ലറ്റിനെ കുറിച്ച് പഠിക്കാനും പരിശീലനത്തിനുമുള്ള കേന്ദ്രമായി മില്ലറ്റ് വില്ലേജ് പദ്ധതി മാറിയിട്ടുണ്ട്.

മൂല്യവർധിത ഉത്പന്നങ്ങളാക്കാൻ

പുതൂർ പഞ്ചായത്തിലെ ചീരക്കടവിലുള്ള അട്ടപ്പാടി ചെറു ധാന്യ സംസ്‌കരണ കേന്ദ്രത്തിലൂടെ മില്ലറ്റ് മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റി വരുന്നു.റാഗി, ചാമ, തിന, പനി വരഗ്, കമ്പ്, മണി ചോളം, കുതിരവാലി തുടങ്ങിയ ചെറുധാന്യങ്ങളാണ് മൂല്യ വർദ്ധിത ഉത്പന്നങ്ങളായി മാറ്റുന്നത്. കൃഷി വകുപ്പിന് കീഴിലായി ഫാർമർ പ്രൊഡ്യുസേഴ്സ് ഓർഗനൈസേഷന് കീഴിലുള്ള 166 ചെറുധാന്യ കർഷകർ സംസ്‌ക്കരണ കേന്ദ്രം ഉപയോഗപ്പെടുത്തുന്നുണ്ട്. കർഷകരുടെ ഉത്പന്നങ്ങൾ കൃഷി വകുപ്പ് സംഭരിച്ച് സംസ്‌കരണ കേന്ദ്രത്തിലൂടെ ഉത്പന്നങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. കൂടാതെ കർഷകർ നേരിട്ട് സംസ്‌കരണശാലയിലെത്തി ഉത്പന്നങ്ങൾ സംസ്‌കരിക്കുന്നുമുണ്ട്.

36 ഓളം മില്ലറ്റ് ഉത്പന്നങ്ങൾ വിപണിയിൽ

അട്ടപ്പാടി ട്രൈബൽ ഫാർമേഴ്സ് അസോസിയേഷൻ ഫോർ മില്ലറ്റ്സ് (എ.ടി.എഫ്.എ.എം.) മുഖേനയാണ് മൂല്യ വർധിത ഉത്പന്നങ്ങൾ വിപണിയിൽ എത്തുന്നത്. ഇതിലൂടെ അട്ടപ്പാടിയിലെ കർഷകർക്ക് നേരിട്ട് ഗുണം ലഭിക്കുന്നു. ഈ വർഷം ഇതുവരെ ഏഴര ലക്ഷം രൂപ വിറ്റുവരവ് ലഭിച്ചിട്ടുണ്ട്. റാഗി പുട്ടുപൊടി, റാഗി ദോശ മിക്സ്, ചാമ ഉപ്പുമാവ് മിക്സ്, പനിവരഗ് അരി, കമ്പ് ദോശ മിക്സ്, മണിച്ചോളം മാവ് തുടങ്ങിയ 36 ഉൽപ്പന്നങ്ങളാണ് വിപണനം ചെയ്യുന്നത്. ആവശ്യക്കാർക്ക് തപാൽ മാർഗ്ഗവും അയക്കുന്നുണ്ട്. 9645298860 എന്ന നമ്പറിലും 9072017833 ലും ബന്ധപ്പെട്ട് ഉത്പന്നങ്ങൾ വാങ്ങാം.