
ഒറ്റപ്പാലം: നഗരസഭയിലെ ഹരിതകർമസേനയുടെ പ്രവർത്തനം സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കാൻ തീരുമാനം. മാലിന്യശേഖരണം കൃത്യമാക്കാനും നടത്തിപ്പ് ഏകീകരിക്കാനുമായാണ് സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കുന്നത്. സർക്കാർ അംഗീകൃത ഏജൻസിയായ 'ഗ്രീൻ വേംസ്' എന്ന സ്ഥാപനവുമായി കരാറിലേർപ്പെടാനാണ് നഗരസഭാ കൗൺസിൽ തീരുമാനിച്ചിട്ടുള്ളത്.
ഹരിതകർമ സേനാംഗങ്ങൾക്ക് വേതനമുറപ്പാക്കാനും കരാറുകൊണ്ട് സാധിക്കും. ഒപ്പം കൃത്യമായ ഇൻസെന്റീവുമുണ്ടാകും. നിലവിൽ അജൈവമാലിന്യം പ്ലാസ്റ്റിക് ഒഴികെയുള്ളവ മൂന്നു മാസത്തിലൊരിക്കലാണ് വീടുകളിൽനിന്ന് ശേഖരിക്കുന്നത്.തെർമോക്കോൾ, കുപ്പി, ബാഗ്, ചെരുപ്പ് മുതലായവയും ഇനി എല്ലാമാസവും ശേഖരിക്കും. നിലവിൽ ഇത്തരം മാലിന്യം വീടുകളിൽ ഹരിതകർമസേനയെത്തും വരെ സൂക്ഷിക്കേണ്ട സാഹചര്യമുണ്ട്. അതുകൂടി ഒഴിവാക്കാനായാണ് പദ്ധതി. ഒപ്പം വ്യാപാരസ്ഥാപനങ്ങളിൽനിന്ന് മാസത്തിൽ ഒന്നിൽ കൂടുതൽ തവണ മാലിന്യം ശേഖരിക്കാനും ശ്രമമുണ്ടാകും. ഹരിതകർമസേനയുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഒരു കോ ഓർഡിനേറ്ററും നഗരസഭയിലുണ്ടാകും. എല്ലാമാസവും നഗരസഭാ ഭരണസമിതിയുടെ നേതൃത്വത്തിൽ ഹരിതകർമസേനയുടെ യോഗം ചേരുകയും പ്രവർത്തനം വിലയിരുത്തുകയും ചെയ്യും. നേരത്തേ ഹരിതകർമസേനയുടെ പ്രവർത്തനത്തെച്ചൊല്ലി കൗൺസിൽ യോഗത്തിൽ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നു. ഒറ്റപ്പാലത്തെ വാതിൽപ്പടി മാലിന്യശേഖരണം ഇപ്പോൾ 40 ശതമാനം മാത്രമാണ് പൂർത്തിയായിട്ടുള്ളത്. നഗരസഭാപരിധിയിൽ ആകെ 13,920 വീടുകളിൽ നിന്നാണ് മാലിന്യശേഖരണം നടക്കുന്നത്. കഴിഞ്ഞമാസം 5,030 വീടുകളിൽ നിന്നേ ശേഖരിക്കാനായുള്ളൂ. നൂറുശതമാനം മാലിന്യവും ശേഖരിക്കാനായാണ് നഗരസഭയുടെ ഈ പുതിയമാർഗം.
ഏഴുരൂപയ്ക്ക് മാലിന്യം കൈമാറും
നിലവിൽ ഹരിതകർമസേന ശേഖരിക്കുന്ന അജൈവമാലിന്യം കിലോഗ്രാമിന് 12 രൂപയും ജി.എസ്.ടിയും നൽകിയാണ് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നത്. ഇനിമുതൽ ഏഴുരൂപയ്ക്ക് മാലിന്യം കൈമാറാനാകും. ഒപ്പം എട്ടുമാസംകൊണ്ട് 45 ശതമാനം മാലിന്യശേഖരണം പൂർത്തിയായാൽ പിന്നീടങ്ങോട്ട് സൗജന്യമായി മാലിന്യം ശേഖരിക്കുമെന്നതാണ് കരാർ.