minister

ചിറ്റൂർ: വൃക്കരോഗികൾക്ക് ഡയാലിസിന് സർക്കാർ സൗജന്യമായി നൽകുന്ന മരുന്ന് കിട്ടാത്തതിനാൽ ജില്ലയിലെ 150-ഓളം രോഗികളും ബന്ധുക്കളും പരാതിയുമായി മന്ത്രി കൃഷ്ണൻകുട്ടിയുടെ ചിറ്റൂരിലെ ഓഫീസിലെത്തി. അസുഖത്തിന് ഉപയോഗിക്കുന്ന ഫ്ളൂയിഡ് കിട്ടാനില്ല. മിക്കവർക്കും രണ്ടു തവണ ഡയാലിസ്‌ചെയ്യാനുളള ഫ്ളൂയിഡ് മാത്രമേ ഉള്ളൂ. തുടർച്ചയായി ചികിത്സ നടത്താതിരുന്നാൽ അസുഖം മൂർഛിച്ച് ജീവന് ഭീക്ഷണിയാകുമെന്ന് ബന്ധുക്കൾ പറയുന്നു. ഒരു മാസം ഒരു വൃക്കരോഗിക്ക് ഡയാലിസിസ് ഉൾപ്പെടെ 40,000രൂപ വരെ ചെലവ് വരും.

രോഗികൾക്ക് മരുന്ന് കൃത്യമായി എത്തിക്കാൻ ഗവൺമെന്റിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

നാഷണൽ റൂറൽ ഹെൽത്ത് മിഷൻ ഫണ്ട് നൽകി കാരുണ്യ വഴിയാണ് മരുന്നുകൾ സൗജന്യമായി നൽകുന്നത്. മരുന്നുകൾ അതാതു ആരോഗ്യകേന്ദ്രങ്ങൾ വഴിയാണ് നൽകുന്നത്. കഴിഞ്ഞ മൂന്നുമാസത്തോളമായി ഇത് കിട്ടാനില്ല. കമ്പനികളിൽ നിന്നും മരുന്ന് വാങ്ങിയ വകയിൽ കോടികൾ ബാക്കി നൽകാനുള്ളതിനാൽ അവർ മരുന്നുകൾ നിർത്തിവച്ചതായി പറയുന്നുണ്ട്. കേന്ദ്രസർക്കാർ ഏഴ് കോടിയോളം രൂപ നൽകാനുണ്ടത്രെ. ഈ ഫണ്ട് ലഭിക്കാത്തതിനാൽ മരുന്നുകൾ നൽകാനാവില്ലെന്ന് പലതവണ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.