p
മീനാക്ഷിപുരം-തത്തമംഗലം സംസ്ഥാന പാതയിൽ ചുള്ളിപ്പെരുക്കമേടിൽ ഒരുങ്ങുന്ന സ്‌നേഹാരാമം.

ചിറ്റൂർ: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പെരുമാട്ടി പഞ്ചായത്തും ചിറ്റൂർ ഗവ.കോളേജിലെ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി മീനാക്ഷിപുരം- തത്തമംഗലം സംസ്ഥാനപാതയിലെ ചുള്ളിപ്പെരുക്കമേടിൽ സ്‌നേഹാരാമം ഒരുക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ പരിധിയിൽപ്പെട്ട ചുള്ളിപ്പെരുക്കമേട്ടിൽ മാലിന്യം തള്ളൽമൂലം പൊതുജനങ്ങളും പഞ്ചായത്തും ഏറെക്കാലമായി ദുരിതത്തിലായിരുന്നു. പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന നിലയ്ക്കാണ് പഞ്ചായത്ത് തലത്തിൽ സ്‌നേഹാരാമം എന്ന പദ്ധതിയിലൂടെ മാലിന്യങ്ങൾ നീക്കം ചെയ്ത് ചെടികൾ വെച്ച് പിടിപ്പിക്കുന്നത്.

ഇരിപ്പിടങ്ങൾ, കുട്ടികൾക്കുള്ള ഊഞ്ഞാലുകൾ ഉൾപ്പെടെ വിവിധ സൗകര്യങ്ങൾ സജ്ജമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തിവരുന്നുണ്ട്. വ്യായാമത്തിനും വിശ്രമത്തിനും ഒത്തുചേരാനുമെല്ലാം ഉപയോഗിക്കാവുന്ന രീതിയിൽ സ്‌നേഹാരാമം ഒരു പാർക്ക് ആക്കി മാറ്റുകയാണ് ലക്ഷ്യം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ അദ്ധ്യക്ഷനായ പരിപാടിയിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ കെ.എം.നിഷാദ്, എ.റൂബിന, വാർഡ് മെമ്പർമാരായ ശശികുമാർ, വിനോദ് ബാബു, വി.ഇ.ഒമാരായ സി.കെ.നവനീത്, ഡി.ഷിജി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ വി.അനിഷ, ഐ.ആർ.ടി.സി കോഓർഡിനേറ്റർ അക്ഷയ് തുടങ്ങിയവർ പങ്കെടുത്തു.