milk

പാലക്കാട്: പാലുത്പാദനത്തിൽ സ്വയം പര്യാപ്ത ലക്ഷ്യമിട്ട് സംസ്ഥാനം കുതിക്കുമ്പോൾ തിരിച്ചടിയായി ജില്ലയിലെ ഉത്പാദന കുറവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നേരിയ കുറവ് രേഖപ്പെടുത്തിയതാണ് ക്ഷീരവകുപ്പിനെ ആശങ്കയിലാക്കുന്നത്. ജില്ലയിൽ പ്രതിദിന ശരാശരി പാലുത്പാദനത്തിലാണ് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. 2021 - 22 വർഷം 3.14 ലക്ഷം ലിറ്ററാണ് ഉത്പാദിപ്പിച്ചിരുന്നതെങ്കിൽ 2022 - 23 വർഷം അത് 3.04 ലക്ഷം ലിറ്ററായി കുറഞ്ഞു. 2018 -19 വർഷം 2.8 ലക്ഷം ലിറ്ററും 2019 -20 വർഷം 2.85 ലക്ഷം ലിറ്ററും 2020 - 21ൽ 3.05 ലക്ഷം ലിറ്ററുമായിരുന്നു. വേനൽ ആരംഭിച്ചാൽ ഉത്പാദനം ഇനിയും കുറയുമെന്നാണ് വിലയിരുത്തൽ. പച്ചപ്പുല്ലിന്റെ ലഭ്യത, ചൂട്, കാലികളുടെ ആരോഗ്യം എന്നിവ ഉത്പാദനത്തെ ബാധിക്കും.


 325 ഹെക്ടർ തീറ്റപ്പുൽ തോട്ടങ്ങൾ

ജില്ലയിൽ തീറ്റപ്പുൽ ഉൽപാദനത്തിൽ വൻ കുതിപ്പ്. നിലവിൽ 325 ഹെക്ടർ പുൽത്തോട്ടങ്ങളാണ് ജില്ലയിലുള്ളത്. കഴിഞ്ഞ വർഷം ഇത് 234 ഹെക്ടർ ആയിരുന്നു. 91 ഹെക്ടറിന്റെ അധിക ഉത്പാദനം. സംസ്ഥാനത്തെ തീറ്റപ്പുൽ കൃഷിവ്യാപനത്തിനുള്ള നോഡൽ ഏജൻസിയായ ക്ഷീരവികസന വകുപ്പ് 2022 - 23 വർഷം പദ്ധതിയിൽ അനുവദിച്ചത് 76.49 ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷമാകട്ടെ 50.31 ലക്ഷം രൂപയും.

2018 - 19 വർഷം 35.47 ലക്ഷം, 2019 - 20 ൽ 47.14 ലക്ഷം, 2020 - 21ൽ 49.22 ലക്ഷം എന്നിങ്ങനെയാണ് വകുപ്പ് തീറ്റപ്പുൽ കൃഷി വ്യാപനത്തിന് അനുവദിച്ചത്. 2023 - 24 വർഷം തീറ്റപ്പുൽ കൃഷിവ്യാപനത്തിന് 217.24 ഹെക്ടർ സ്ഥലത്ത് പുതുതായി തീറ്റപ്പുൽ കൃഷി വ്യാപിപ്പിക്കാൻ ജില്ലയ്ക്ക് 69.60 ലക്ഷം രൂപ അനുവദിച്ചു കഴിഞ്ഞു. ഈ തുകയിൽ ഭൂരിഭാഗവും ഗുണഭോക്താക്കൾക്ക് വിതരണം ചെയ്ത് കഴിഞ്ഞതായും അധികൃതർ അറിയിച്ചു.

 ഉരുക്കളെത്തിച്ച് മിൽക്ക് ഷെഡ്

പാലുത്പാദന വളർച്ചാനിരക്കിൽ സംസ്ഥാനത്തെ മുൻനിരയിലെത്തിച്ച പദ്ധതിയാണ് മിൽക്ക് ഷെഡ് പദ്ധതി. പുതിയ ഉരുക്കളെ വാങ്ങാൻ മാത്രമല്ല, ശാസ്ത്രീയമായ കന്നുകാലിത്തൊഴുത്ത് നിർമ്മാണം, ക്ഷീരകർഷകർക്കാവശ്യമുള്ള പ്രവൃത്തികൾ ഏറ്റെടുക്കൽ, കറവ യന്ത്രങ്ങൾ വാങ്ങൽ എന്നീ പദ്ധതികളിലാണ് ധനസഹായം നൽകുന്നത്. പദ്ധതിയിൽ അഞ്ച് വർഷത്തിനിടെ 2386 പുതിയ ഉരുക്കളെ ജില്ലയിലെത്തിച്ചു. 2018 -19ൽ 444 ഉരുക്കളെ എത്തിച്ച ജില്ലയിലേക്ക് 2022 -23 വർഷം എത്തിയത് 391 ഉരുക്കളെ മാത്രമായിരുന്നു.

2018 ൽ ഇവ വാങ്ങാനായി 1.295 കോടി ചെലവിട്ടിരുന്നെങ്കിൽ 2022ൽ 73.49 ലക്ഷം രൂപ മാത്രമാണ് ചെലവിട്ടത്. കഴിഞ്ഞ വർഷം 462 ഉരുക്കളെ വാങ്ങാൻ 1.173 കോടി രൂപ നീക്കിവെച്ചിരുന്നു. നടപ്പ് വർഷം രണ്ട് 10 പശു യൂനിറ്റുകൾ , ഒരു 20 പശു യൂണിറ്റ് എന്നിവ ജില്ലക്ക് അനുവദിച്ചിട്ടുണ്ട്.